ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുൻധനകാര്യ മന്ത്രി പി. ചിദംബരത്തിന് നോട്ടീസ്. ചിദംബരത്തിന്‍റെ വീടിന് മുന്നിൽ സിബിഐ നോട്ടീസ് പതിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് നോട്ടീസില്‍ നിർദ്ദേശം. ഐ എൻ എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ഇതിന് പിന്നാലെ സിബിഐ സംഘം വസതിയിലെത്തിയെങ്കിലും ചിദംബരം ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. സിബിഐ സംഘം മടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ എന്‍ഫോഴ്സമെന്‍റ് സംഘവും ചിദംബരത്തിന്‍റെ വസതിയിലെത്തിയിരുന്നു.
ചിദംബരത്തിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വസതിയിലെത്തിയത്. അതേസമയം ചിദംബരം വൈകുന്നേരത്തോടെ സുപ്രീംകോടതിയെ സമീപിച്ചു. യു.പി.എ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരിക്കെ, ഐ.എൻ.എക്‌സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് ചിദംബരം വഴിവിട്ട സഹായം ചെയ്തു എന്നാണ് കേസ്. എന്നാൽ രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്ന് ചിദംബരം പറഞ്ഞു. ഐ.എൻ.എക്സ് മീഡിയ ഉടമകളായ പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവർ, മകളായ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്.