ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ സോളാര്‍ വിജയ ഗാഥ പഠിക്കാൻ അന്താരാഷ്ട്ര സോളാര്‍ സഖ്യം (ഇന്‍റര്‍നാഷണല്‍ സോളാര്‍ അലൈയൻസ്) പ്രതിനിധികള്‍ ഡല്‍ഹി മെട്രോ സന്ദര്‍ശിച്ചു. ഇന്‍റര്‍നാഷണല്‍ സോളാര്‍ അലൈയൻസിന്‍റെ രണ്ടാമത് യോഗത്തിന്‍റെ ഭാഗമായാണ് മന്ത്രിമാരടങ്ങുന്ന പ്രതിനിധി സംഘം ഇവിടെ സന്ദര്‍ശിച്ചത്. ട്രോപിക് ഓഫ് ക്യാൻസറിനും കാപ്രിക്കോണിനുമിടയിൽ പൂർണ്ണമായും ഭാഗികമായും കിടക്കുന്ന എല്ലാ രാജ്യങ്ങളെയും ഒരു അന്താരാഷ്ട്ര കുടക്കീഴിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് 2015ല്‍ ഐഎസ്എ ആരംഭിച്ചത്. യോഗത്തില്‍ ഡല്‍ഹി മെട്രോയുടെ നേതൃത്വത്തില്‍ നടന്ന ഹരിത സംരഭങ്ങളുടെ പ്രദര്‍ശനവുമുണ്ടായി. ലോകത്തിലെ ആദ്യ ഹരിത മെട്രോകളിലൊന്നായ ഡല്‍ഹി മെട്രോ പരിസ്ഥിതിക്ക് ദോഷം ചെയ്യാതെ സാമ്പത്തികലാഭമുണ്ടാക്കുന്നതെങ്ങനെയെന്ന് യോഗം വിശദീകരിച്ചു.
ഡിഎംആർസിയുടെ നേട്ടങ്ങളെ ഐഎസ്‌എ ഡയറക്ടർ ജനറൽ ഉപേന്ദ്ര ത്രിപാഠി അഭിനന്ദിച്ചു. മെട്രോ റെയിലിന്‍റെ പ്രവര്‍ത്തന ഘടന മറ്റ് പല സംഘടനകളും പിന്തുടരേണ്ട മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ സ്റ്റേഷനുകൾ, ട്രെയിൻ ഡിപ്പോകൾ, അതിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ മേൽക്കൂരയിലെല്ലാം 50 മെഗാവാട്ട് സോളാർ പിവി പ്ലാന്‍റ് സ്ഥാപിക്കാൻ ഡിഎംആർസി ലക്ഷ്യമിടുന്നതായും യോഗം അറിയിച്ചു. ഇന്നുവരെ, 32.4 മെഗാവാട്ട് വൈദ്യുതിയാണ് ഡിഎംആർസി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.