ന്യൂഡൽഹി: ഉത്തരേന്ത്യയിലുണ്ടായ ശീതകാറ്റിനെ തുടർന്ന് അതിശൈത്യം തുടരുന്നു. ജനുവരി രണ്ട് വരെ ശീതകാറ്റ് തുടരുമെന്നും അടുത്ത ആഴ്ച മുതൽ തണുപ്പ് രൂക്ഷമാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കിഴക്കൻ രാജസ്ഥാൻ, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ജനുവരി രണ്ടിനും ജനുവരി ആറിനും ഇടയിൽ നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
"ഉത്തരേന്ത്യയിൽ ശീതകാറ്റ് തുടരും. ജനുവരി രണ്ട് മുതൽ തണുപ്പ് കുറയും. കിഴക്കൻ രാജസ്ഥാൻ, ഡല്‍ഹി, പടിഞ്ഞാറൻ യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ജനുവരി രണ്ടിനും ജനുവരി ആറിനും ഇടയിൽ നേരിയ മഴ പ്രതീക്ഷിക്കുന്നു," ഐഎംഡി മുതിർന്ന ശാസ്‌ത്രജ്ഞൻ ആർകെ ജെനാമണി പറഞ്ഞു. എന്നാൽ ജനുവരി ഏഴ് മുതൽ കടുത്ത ശീതകാറ്റ് ഉത്തരേന്ത്യയിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സഫ്ദർജംഗില്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 3.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.