ബെംഗളൂരു: ആഗോള സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ ഇൻഫോസിസിലെ ജീവനക്കാരന് കൊവിഡ് 19 എന്ന് സംശയം. കമ്പനിയുടെ ഒരു കെട്ടിടം പൂര്‍ണമായും ഒഴുപ്പിച്ചു. "ടീം അംഗത്തിലെ ഒരാള്‍ക്ക് കൊവിഡ് 19 സംശയിക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഐഐപിഎം കെട്ടിടം ഒഴിപ്പിക്കുകയാണ്.” കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഗുരുരാജ് ദേശ്‌പാണ്ഡെ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും ദേശ്‌പാണ്ഡെ ഇമെയിലിലൂടെ അറിയിച്ചു. ജീവനക്കാര്‍ സ്വയം പരിരക്ഷ ഉറപ്പാക്കണമെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കുകയോ പരത്തുകയോ ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ കമ്പനിയുടെ ഹെല്‍പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടാനും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് എല്ലാ ഐടി കമ്പനികളിലെയും ഉദ്യോഗസ്ഥരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജീവനക്കാര്‍ വീടുകളില്‍ തുടരണമെന്ന് ഐടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 30000ലധികം ജീവനക്കാരാണ് ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നത്.