ശ്രീനഗര്‍: കശ്‌മീരികളുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കി അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലകയറ്റം. ഉപഭോക്തൃകാര്യ വകുപ്പ് നല്‍കിയ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെ സ്വയം തീരുമാനിച്ച വിലയ്‌ക്കാണ് കച്ചവടക്കാര്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. ശ്രീനഗറടക്കം താഴ്‌വരയിലെ എല്ലാ മേഖലയിലും സമാന സാഹചര്യമാണ് നിലവിലുള്ളത്. എല്ലായിടത്തും അവസ്ഥ ഒരുപോലെയായതോടെ കച്ചവടക്കാര്‍ പറയുന്ന വില കൊടുത്താണ് ആളുകള്‍ സാധനം വാങ്ങുന്നത്. മോശം കാലാവസ്ഥയായതിനാല്‍ ദേശീയപാതകള്‍ അടച്ചിരിക്കുകയാണ്. ഇത് ചരക്ക് വരവിനെ ബാധിച്ചതും വില വര്‍ധനക്ക് ഇടയാക്കിയിട്ടുണ്ട്.
ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കഴിവില്ലായ്‌മയാണ് വിലകയറ്റത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാര്‍ക്കറ്റില്‍ പരിശോധന നടത്തുകയും, അന്യായമായി വില ഈടാക്കുന്ന കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കാറുമുണ്ട്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ വില പഴയതിനേക്കാള്‍ കൂടുമെന്ന് നാട്ടുകാര്‍ പറയുന്നു. വില നിയന്ത്രിക്കാന്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജനങ്ങളുടെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപഭോക്തൃകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.