ന്യൂഡല്‍ഹി: ഫെബ്രുവരി 24ന് ഇന്ത്യന്‍ മണ്ണിലെത്തുന്നതോടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാവുകയാണ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് നാല് വര്‍ഷം പിന്നിടുമ്പോഴാണ് ട്രംപ് എത്തുന്നത്. 2015 ലെ റിപ്പബ്ളിക് ദിന പരേഡില്‍ അതിഥിയായാണ് ബരാക് ഒബാമ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിലാണ് ട്രംപ് എത്തുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളര്‍ ട്രംപിനെ സ്വീകരിക്കാനെത്തും. വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റര്‍ റോഡ് ഷോയില്‍ ഇരു നേതാക്കളും ഒരുമിച്ച് പങ്കെടുക്കും. ട്രംപിനെ സ്വീകരിക്കാന്‍ റോഡിനിരുവശവും ആളുകള്‍ക്ക് നില്‍ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ട്രംപിനെ സ്വീകരിക്കാന്‍ 80 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്.
ഉച്ചയ്‌ക്ക് 12.30നാണ് ട്രംപ് അഹമ്മദാബാദില്‍ പണികഴിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തുക. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംപും മോദിയും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന " നമസ്‌തേ ട്രംപ്" എന്ന് പേരിട്ടിരിക്കുന്ന പൊതുസമ്മേളനത്തില്‍ ട്രംപ് സംസാരിക്കും. അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ അമേരിക്കയില്‍ വോട്ടുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള പ്രസംഗമായിരിക്കും ട്രംപ് നടത്തുക എന്നതില്‍ സംശയമില്ല. ഒരു ലക്ഷം പേര്‍ സമ്മേളനത്തിനെത്തുമെന്നാണ് കണക്കുകൂട്ടല്‍.
മറുവശത്ത് വോട്ട് പിടിക്കാന്‍ ട്രംപിന് അവസരമൊരുക്കുക മാത്രമാണോ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപാക കരാറുകളില്‍ പുതിയ തീരുമാനങ്ങളൊന്നുമുണ്ടാകില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കരാറുകളില്‍ തീരുമാനം വൈകിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് വിദേശകാര്യ വിദഗ്‌ധന്‍ മനോജ് പന്തിന്‍റെ വിലയിരുത്തല്‍. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ ട്രംപ് നടത്താനിടയുണ്ടെന്നും മനോജ് പന്ത് കൂട്ടിച്ചേര്‍ത്തു.