മുംബൈ: ശക്തമായ കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയിലെ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിന് കേടുപാട്. സമീപത്തുണ്ടായിരുന്ന സ്‌പൈസ് ജെറ്റിന്റെ ഗോവണി കാറ്റത്ത് പറന്നുവന്ന് ഇടിക്കുകയായിരുന്നു. വിമാനത്തിന്‍റെ ചിറകിനും എഞ്ചിൻ കൗളിങ്ങിനും കേടുപാട് സംഭവിച്ചതായി മുംബൈ ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് വക്താവ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഇരുവിമാനങ്ങളും സംഭവസമയത്ത് സർവീസിലായിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു. മുൻകൂട്ടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും ആ സമയത്ത് ലഭിച്ചിരുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.