ന്യൂഡൽഹി: കൊവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിന് ലോകത്തെ സഹായിക്കാൻ ഇന്ത്യയുടെ വാക്സിൻ ഉൽപാദനവും വിതരണ ശേഷിയും ഉപയോഗപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ അയൽരാജ്യങ്ങൾക്കായി രണ്ട് പരിശീലന പരിപാടികൾ സംഘടിപ്പിച്ചെന്നും അതിൽ 90 ഓളം ആരോഗ്യ വിദഗ്ധരും ശാസ്‌ത്രജ്ഞരും പങ്കെടുത്തതായും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. കഴിഞ്ഞ മാസം യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ, കൊവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിന് എല്ലാ മനുഷ്യരാശിയെയും സഹായിക്കാൻ ഇന്ത്യയുടെ വാക്സിൻ ഉൽപാദനവും വിതരണ ശേഷിയും ഉപയോഗിക്കുമെന്ന് ശ്രീവാസ്‌തവ പറഞ്ഞു.
ഒക്ടോബർ 17 മുതൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഒരു സംഘം ബംഗ്ലാദേശ് സന്ദർശിക്കുകയും ഇന്ത്യയിലെ വാക്സിൻ വികസനത്തിന്‍റെ നിലവിലെ ഘട്ടത്തെക്കുറിച്ചും ബംഗ്ലാദേശിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രീതികളെക്കുറിച്ചും ബംഗ്ലാദേശുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയതായി ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി. കൊവിഡ് -19 വാക്‌സിനുകളുടെ സഹകരണത്തിൽ മ്യാൻമറിന്റെ താൽപ്പര്യത്തെക്കുറിച്ച് ഇരുവിഭാഗത്തിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെർച്വൽ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.