ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11,45,015 പരിശോധനകൾ നടത്തിയതോടെ രാജ്യത്ത് മൊത്തം നടത്തിയ പരിശോധനകളുടെ എണ്ണം ഒമ്പത് കോടി കടന്നതായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,112 സർക്കാർ ലബോറട്ടറികളും 823 സ്വകാര്യ ലബോറട്ടറികളും ഉൾപ്പെടെ രാജ്യത്തെ 1,935 ടെസ്റ്റിംഗ് ലാബുകളിൽ പ്രതിദിന പരിശോധന ശേഷിയിൽ ഗണ്യമായ വർധനവുണ്ടായതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 20 സംസ്ഥാനങ്ങളിൽ പോസിറ്റീവ് നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. അതേസമയം, സജീവമായ കേസുകൾ 8,26,876 ആണ്. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളിൽ 11.42 ശതമാനം മാത്രമാണ് ഇത്.
പുതിയ കേസുകളിൽ 79 ശതമാനവും മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഒഡീഷ, ഡൽഹി എന്നീ 10 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ്.