ന്യൂഡല്‍ഹി; കഴിഞ്ഞ 24 മണിക്കൂറിനിടെ 941 പുതിയ കൊവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12,380 ആയി. വിവിധ സംസ്ഥാനങ്ങളിലായി 10,477 രോഗികളാണ് ചികിത്സയിലുള്ളത്. 1,489 പേര്‍ ഇതിനോടകം രോഗമുക്തരായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ മരണസംഖ്യ 414 ആയി ഉയർന്നു.
മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 2,916 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 295 പേര്‍ക്ക് രോഗം ഭേദമാവുകയും 187 പേര്‍ മരിക്കുകയും ചെയ്‌തു. 1,578 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 40 പേര്‍ സുഖം പ്രാപിക്കുകയും 32 പേര്‍ ഇതിനോടകം രോഗം ബാധിച്ച് മരിക്കുകയും ചെയ്‌തു. തമിഴ്‌നാട്ടില്‍ 1,242 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 118 പേര്‍ രോഗമുക്തി നേടുകയും 14 പേര്‍ മരിക്കുകയും ചെയ്‌തു.
രാജസ്ഥാനിലും കൊവിഡ് 19 കേസുകൾ 1000 കടന്നു. 1,023 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 147 പേര്‍ക്ക് രോഗം ഭേദമാവുകയും മൂന്ന് പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്‌തു. മധ്യപ്രദേശിൽ 987 കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തപ്പോൾ 64 പേര്‍ രോഗമുക്തരായി. അതേസമയം 53 പേരാണ് മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കുന്ന രാജ്യവ്യാപക ലോക്‌ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിരുന്നു.