ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണം 55.49 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 227755 പേരാണ് രോഗവിമുക്തി നേടിയത്.
'കൊവിഡ്-19 ൽ നിന്ന് സുഖം പ്രാപിക്കുന്ന രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 2,27,755 രോഗികള്‍ സുഖംപ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 13,925 രോഗികള്‍ രോഗവിമുക്തരായി. രോഗവിമുക്തി നേടിയവരുടെ എണ്ണം 55.49 ശതമാനമായി ഉയര്‍ന്നുവെന്ന്' മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നിലവിൽ 1,69,451 സജീവ കേസുകളാണ് രാജ്യത്തുള്ളത്. എല്ലാവരും ചികിത്സയിലാണ്. സുഖം പ്രാപിച്ച രോഗികളുടെ എണ്ണം ഞായറാഴ്ച 58,305 ആയി ഉയർന്നു. കൊവിഡ് കാലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 722 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 259 ആയും ഉയര്‍ന്നു.
354 സർക്കാർ ലാബുകളും 193 സ്വകാര്യ ലാബുകളും ഉൾപ്പെടെ 547 റിയൽ ടൈം ആർടി പിസിആർ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിങ് ലാബുകളുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ട്രൂനാറ്റ് അധിഷ്ഠിത ടെസ്റ്റിങ് ലാബുകൾ 358 ആണ്. ഇതില്‍ 341 എണ്ണം സർക്കാർ ഉടമസ്ഥതതയിലുള്ളതും 17 സ്വകാര്യ ലാബുകളുമാണ്. 76 സിബിഎൻഎടി അധിഷ്ഠിത ടെസ്റ്റിങ് ലാബുകള്‍ രാജ്യത്തുണ്ട്. ഇതില്‍ 27 എണ്ണം സർക്കാര്‍ ഉടമസ്ഥതയിലുള്ളതും 49 എണ്ണം സ്വകാര്യ ഉടമസ്ഥതതയിലുള്ളതുമാണ്.
പരിശോധനക്ക് വിധേയമാക്കുന്ന സാമ്പിളുകളുടെ എണ്ണത്തിലും രാജ്യത്ത് വര്‍ധനവുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 190730 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനക്ക് വിധേയമാക്കിയത്. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 6807226 ആണ്.