ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളും യു.ടികളും കേന്ദ്രവും ചേര്‍ന്നുള്ള കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍, കൊവിഡിന്‍റെ ഫലപ്രദമായ ക്ലിനിക്കൽ മാനേജ്മെന്‍റ്, സമയബന്ധിതമായ രോഗനിർണയം എന്നിവ രാജ്യത്ത് കൊവിഡ് രോഗമുക്തി വർധനവിന് കാരണമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ 2,92,258 സജീവകേസുകളാണ് ഉള്ളത്. എന്നാല്‍ രോഗം ഭേദമായവരുടെ എണ്ണം 2,42,362 കവിഞ്ഞെന്നും രോഗമുക്തി നിരക്ക് 62.93 ശതമാനമായി ഉയര്‍ന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 19,235 പേര്‍ രാജ്യത്ത് രോഗമുക്തി നേടി.
ഞായറാഴ്‌ച 28,637 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 8,49,553 ആയി. ഇതുവരെ 22,674 പേര്‍ മരിച്ചു. രാജ്യത്ത് നിലവിൽ 1,370 കൊവിഡ് ആശുപത്രികളും 3,062 കൊവിഡ് ആരോഗ്യ കേന്ദ്രങ്ങളും 10,334 കൊവിഡ് പരിചരണ കേന്ദ്രങ്ങളുമുണ്ട്.