ചന്ദ്രനെ അറിയാനുള്ള ഇന്ത്യയുടെ ചരിത്രയാത്ര ലക്ഷ്യത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2 നാളെ പുലർച്ചെ 1:30ന് ചന്ദ്രന്‍റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തും. ചന്ദ്രയാൻ 2ന്‍റെ അവസാന ഭ്രമണപഥം ചുരുക്കലും വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 3.30ന് ഒൻപത് സെക്കന്‍റ് മാത്രം നീണ്ടു നിന്ന പ്രക്രിയയിലൂടെയാണ് അവസാന ഭ്രമണപഥം ചുരുക്കിയത്. കേവലം 35 കിലോമീറ്റര്‍ മാത്രം അകലെയാണ് ചന്ദ്രനിലിറങ്ങുന്ന ലാന്‍ഡര്‍ ഇപ്പോളുള്ളത്.
ഇതിന് മുമ്പ് അമേരിക്കയും റഷ്യയും ചൈനയും മാത്രമേ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയില്‍ വിജയിച്ചിട്ടുള്ളൂ. പേടകത്തിന്‍റെ വേഗത കുറച്ചുകൊണ്ടുവന്ന് പതുക്കെ ഉപരിതലത്തില്‍ ഇറങ്ങുന്ന സാങ്കേതിക വിദ്യയാണിത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒയുടെ ഈ ദൗത്യം വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം.