ന്യൂഡൽഹി: ന്യൂഡൽഹിയിൽ ലോക്ക് ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കുടിവെള്ളം എത്തിച്ച് ഇന്ത്യൻ റെയിൽവെ. പ്രതിദിനം 10,000 കുപ്പി കുടിവെള്ളമാണ് എത്തിക്കുന്നത്. സംരംഭത്തിന്‍റെ തുടക്കമെന്ന നിലയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്‍റെയും (ഐആർസിടിസി) സഹകരണത്തോടെ 10,000 റെയിൽ നീർ കുപ്പികൾ ഏപ്രിൽ 16 മുതൽ ന്യൂഡൽഹിയിൽ വിതരണം ചെയ്‌തു തുടങ്ങി. 50,000 കുപ്പികൾ ഇതുവരെ വിതരണം ചെയ്‌തു.
കടുത്ത വേനൽക്കാലവും മറ്റ് പ്രതിസന്ധികളും തരണം ചെയ്‌ത് പ്രവർത്തിക്കുന്ന പൊലീസുകാർ ലോക്ക് ഡൗൺ ജോലികൾ മാത്രമല്ല ചെയ്യുന്നത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ ഡോക്‌ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുന്നതിലും അവർ കൂടെ നിൽക്കുന്നുണ്ടെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.
രണ്ട് ദശലക്ഷം ഭക്ഷണപ്പൊതികളാണ് ഇന്ത്യൻ റെയിൽവെ കഴിഞ്ഞ ദിവസം വരെ വിതരണം ചെയ്‌തത്. ഇന്ത്യൻ റെയിൽവെക്ക് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. 'ലോക്ക് ഡൗൺ സമയത്ത് ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്‌ത ഇന്ത്യൻ റെയിൽവെക്ക് അഭിനന്ദനങ്ങൾ. ദിവസവേതന തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, കുട്ടികൾ, ഭവനരഹിതർ, ദരിദ്രർ എന്നിവർക്ക് ഈ സംരംഭം വലിയൊരു ആശ്വാസമാണ്.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.