ഭുവനേശ്വര്‍: ഇന്ത്യയുടെ ചരിത്രം എഴുതപ്പെട്ടിട്ടുള്ളത് ബ്രിട്ടീഷുകാര്‍ക്കിണങ്ങുന്ന തരത്തിലാണെന്നും മാറ്റിയെഴുതേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പ്രതാപ് സാരംഗി പറഞ്ഞു. വ്യാഴാഴ്ചയാണ് വിവാദപ്രസ്‌താവനയുമായി കേന്ദ്ര മല്‍സ്യ ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രതാപ് സാരംഗി രംഗത്തെത്തിയത്. മിഥ്യാധാരണകളും ഭാവനകളുമാണ് നിലനിന്നിരുന്നതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രതാപ് സാരംഗി മാധ്യമങ്ങളോട് പറഞ്ഞു.
ആര്യന്മാരും ദ്രാവിഡന്‍മാരും ഇന്ത്യക്ക് പുറത്തുനിന്നും വന്നവരാണ്. കാസ്‌പിയന്‍ സമുദ്രതീര പ്രദേശത്തുനിന്നാണ് ആര്യന്മാരുടെ വരവ്. ആര്യന്മാരും ദ്രാവിഡന്മാരും വ്യത്യസ്‌ത വംശങ്ങളില്‍ നിന്നുള്ളവരാണെന്ന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ബ്രിട്ടീഷ് സ്രാമാജ്യം ശക്തിപ്പെടുത്തുന്നതിനായ് അവര്‍ തങ്ങളുടേതായ തിരക്കഥ എഴുതുകയായിരുന്നെന്നും പ്രതാപ് സാരംഗി വ്യക്തമാക്കി.
ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ എം.പിയാണ് പ്രതാപ് സാരംഗി. ഹിന്ദുക്കളും സിക്കുകാരും തമ്മിലും വടക്കെ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ഭാഷകള്‍ തമ്മിലും വേര്‍തിരിവ് സൃഷ്‌ടിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ ഭാഷകളും ഉരുത്തിരിഞ്ഞത് സംസ്‌കൃതത്തില്‍ നിന്നാണ് ആയതിനാല്‍ വടക്കെ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും ഭാഷകള്‍ തമ്മില്‍ സമാനതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെക്കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് ബ്രിട്ടീഷുകാര്‍ പണം നല്‍കി ചരിത്രം എഴുതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.