വാഷിങ്ടൺ ഡിസി: ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച് വാഷിങ്‌ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയോട് ഖാലിസ്ഥാൻ വിഘടനവാദികൾ അനാദരവ് കാട്ടിയതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ശനിയാഴ്ചയാണ് ഇന്ത്യൻ എംബസിക്ക് മുന്നിലെ മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിലെ പ്രതിമ നശിപ്പിച്ചത്. പ്രതിഷേധക്കാർ ഗാന്ധിജിയുടെ മുഖം മഞ്ഞ പതാക ഉപയോഗിച്ച് മറയ്ക്കുകയും പ്രതിമക്ക് സമീപം പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ യുഎസ് നിയമ നിർവഹണ ഏജൻസികളോട് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. സമാധാനത്തിന്‍റെയും നീതിയുടെയും പേരിൽ ആഗോളതലത്തിൽ ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ പ്രതിമയോട് അനാദരവ് കാണിച്ചതിൽ ഉടനടി അന്വേഷണം വേണമെന്നും നടപടി എടുക്കണമെന്നും ഇന്ത്യൻ എംബസി അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാർഷിക നിയമത്തിനെതിരെ ഇന്ത്യയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിക്ക് മുൻപിൽ ഖാലിസ്ഥാൻ വിഘടനവാദികൾ പ്രതിഷേധിക്കുകയും സമരത്തിൽ ഖാലിസ്ഥാൻ പതാകകൾ ഉയർത്തുകയും ചെയ്‌തിരുന്നു. തങ്ങളുടെ പ്രതിഷേധം സർക്കാരിനെതിരെയല്ലെന്നും കർഷകരെ പിന്തുണക്കുന്നതാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു.