ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച കർശന ലോക്ക്ഡൗണിനുശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വളർച്ച വർധിപ്പിക്കുന്നതിന് കൂടുതൽ നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചു.
ഊർജ്ജ ഉപഭോഗ വളർച്ച ഒക്ടോബറിൽ 12 ശതമാനം ഉയർന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) 10 ശതമാനം വർധിച്ച് 1.05 ലക്ഷം കോടി രൂപയായി. ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ 35.37 ബില്യൺ യുഎസ് ഡോളറായിരുന്ന വിദേശ നിക്ഷേപം 13 ശതമാനം വർധിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2020ലെ മൂന്നാം വളർച്ചയിൽ തിരിച്ചെത്തുമെന്ന് ആർബിഐ പ്രവചിച്ചതായും മന്ത്രി അറിയിച്ചു.
ആത്‌മനിർഭർഭാരത് മുഖേന നടത്തിവരുന്ന പദ്ധതികൾ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ സഹായകമാകുന്നതായും സീതാരാമൻ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡർ നിധി പ്രകാരം 26.62 ലക്ഷം വായ്പാ അപേക്ഷകൾ ലഭിച്ചു. ഇതിൽ 13.78 ലക്ഷം വായ്പകൾ വിതരണം ചെയ്തു. ഇതിനായി കേന്ദ്രം 1,373.33 കോടി രൂപ അനുവദിച്ചു.
പ്രധാൻ മന്ത്രി മത്സ്യ സമ്പദ് പദ്ധതി (പിഎംഎംഎസ്വൈ) പ്രകാരം 21 സംസ്ഥാനങ്ങൾക്ക് 1,682.32 കോടി രൂപ അനുവദിച്ചു. അടിയന്തര മൂലധന ഫണ്ടിന് കീഴിൽ 25,000 കോടി രൂപ മത്സ്യ കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 3,621 കോടി രൂപ പലിശരഹിത വായ്പയായി നൽകിയതായും നിർമല സീതാരാമൻ പറഞ്ഞു.