വാഷിങ്‌ടൺ: ജനങ്ങളില്‍ നിന്നും പണം തട്ടിയെടുത്ത ഇന്ത്യന്‍ കോൾ സെന്‍റര്‍ ഓപ്പറേറ്റര്‍ ഹിതേഷ് മധുഭായ് പട്ടേല്‍ പിടിയിലായി. പണത്തട്ടിപ്പ് നടത്തിയതായി ഹിതേഷ് മധുഭായ് പട്ടേല്‍ യുഎസ് കോടതിയില്‍ കുറ്റസമ്മതം നടത്തി . പണതട്ടിപ്പ്, ആൾമാറാട്ടം ഉൾപ്പടെ പല കേസുകളിലും പട്ടേല്‍ കുറ്റസമ്മതം നടത്തിയതായി നീതിന്യായ വകുപ്പ് വ്യക്തമാക്കി. ടെക്‌സാസിലെ ഫെഡറല്‍ ജഡ്‌ജി ഡേവിഡ് ഹിറ്റ്നർ ഹിതേഷ് പട്ടേലിന് ശിക്ഷ വിധിക്കുന്നത് ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. ഹിതേഷ് ഹിങ്‌ലാജ് എന്ന വ്യാജ പേരിലാണ് പലരില്‍ നിന്നുമായി പണം തട്ടിയെടുത്തത്. അഹമദാബാദ് സ്വദേശിയാണ് ഹിതേഷ് പട്ടേല്‍.
കോൾ സെന്‍ററിലെ ജീവനക്കാര്‍, നികുതി വകുപ്പിലെ അധികൃതര്‍ എന്ന വ്യാജേന ഭീഷണിപ്പെടുത്തിയാണ് ജനങ്ങളില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തത്. കോൾ സെന്‍ററുമായി ബന്ധപ്പെട്ട് പണം തട്ടിയ കേസില്‍ ഇരുപത്തിനാലോളം പേരും പിടിയിലായിട്ടുണ്ട്.
സര്‍ക്കാര്‍ രേഖകൾ പ്രകാരം 25 മില്യൺ ഡോളര്‍ മുതല്‍ അറുപത്തിയഞ്ച് മില്യൺ ഡോളർ വരെയാണ് ഹിതേഷ് തട്ടിയെടുത്തതെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും സിങ്കപൂരിലെത്തിയ ഹിതേഷ് പട്ടേലിനെ സിംഗപ്പൂര്‍ അധികൃതരാണ് അറസ്റ്റ് ചെയ്‌ത് ഏപ്രിലില്‍ യുഎസിന് കൈമാറിയത്.