ന്യൂഡല്‍ഹി: ചൈന, പാകിസ്ഥാൻ അതിര്‍ത്തികളില്‍ ഒരേ സമയം സംഘര്‍ഷം ഉടലെടുക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി ഇന്ത്യ. കിഴക്കൻ ലഡാക്കിലേയും ചൈന അതിര്‍ത്തിയിലെയും പരിശോധനകള്‍ക്കായി ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുകയാണ് സൈന്യം.
ഇസ്രായേലില്‍ നിന്ന് ഹെറോണ്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഡിസംബറില്‍ ഡ്രോണ്‍ ലഡാക്കിലെ ഇന്ത്യൻ സൈനികരിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രത്യക ഫണ്ടില്‍ നിന്നും 500 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.
മിനി ഡ്രോണുകളാണ് അമേരിക്കയില്‍ നിന്നെത്തിക്കുന്നത്. അതിര്‍ത്തി സുരക്ഷാ സേനയ്‌ക്കും പ്രത്യക സൈനീക നീക്കം നടത്തുന്ന ഗ്രൂപ്പുകള്‍ക്കുമാണ് ഇവ കൈമാറുക. സൈനിക നടപടിക്കിടെ മുമ്പിലുള്ള ഒരു നിശ്ചിത പ്രദേശത്തെ സാഹചര്യം മനസിലാക്കാൻ ഇവ പ്രയോജനപ്പെടും. ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം രൂക്ഷമായതിന് പിന്നാലെയാണ് പുതിയ ആയുധങ്ങള്‍ ഉള്‍പ്പെടുത്തി സൈന്യത്തെ ബലപ്പെടുത്താനുള്ള കേന്ദ്ര നീക്കം. ബലാകോട്ട് ആക്രമണം ഈ മാറ്റങ്ങള്‍ക്കുള്ള ഉദാഹരണമായിരുന്നു. അമേരിക്കൻ നിര്‍മിത പ്രെഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യൻ നാവിക സേനയ്‌ക്കും കരയിലേക്കും ആകാശത്തേക്കും ഒരുപോലെ പ്രയോഗിക്കാവുന്ന മിസൈലുകള്‍ വ്യോമസേനയ്‌ക്കും നേരത്തെ കൈമാറിയിരുന്നു.