ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ. ഭീകരരെ നേരിടാൻ ഇന്ത്യ വാങ്ങിയ അത്യാധുനിക റൈഫിളുകൾ നിയന്ത്രണ രേഖയിൽ സൈന്യം ഉപയോഗിച്ചു തുടങ്ങി. അമേരിക്കൻ സിഗ് സോവർ റൈഫിളുകൾ ആണ് പുതിയ ഇനം. ഇന്ത്യൻ സൈന്യത്തിന്‍റെ സ്‌നിപ്പർ റൈഫിളുകൾക്കുള്ള വെടിയുണ്ടകളുടെ വിതരണവും ഇതോടൊപ്പം ആരംഭിച്ചു.
പതിനായിരം സിഗ് 716 ആക്രമണ റൈഫിളുകൾ ഇന്ത്യയിൽ എത്തിയെന്നും നോർത്തേൺ കമാൻഡിലേക്ക് അവ അയച്ചെന്നും ഇന്ത്യൻ ആർമി വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്‌മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നോർത്തേൺ കമാൻഡ് നിരീക്ഷിച്ചു വരികയാണ്. പാകിസ്ഥാനിൽ നിന്നും പാകിസ്ഥാൻ അധിനിവേശ-കശ്‌മീരിൽ നിന്നും തീവ്രവാദികളുടെ വരവ് തടയാനുള്ള മുൻകരുതലുകളെടുത്ത് വരികയാണ്. പുതിയ റൈഫിളുകൾ തീവ്രവാദികളെ കൂടുതൽ ഫലപ്രദമായി നേരിടാൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു. 72,400 പുതിയ ആക്രമണ റൈഫിളുകളുമായി ഇന്ത്യൻ സൈന്യത്തെ സജ്ജമാക്കാൻ 700 കോടി രൂപയുടെ കരാർ ഇന്ത്യ ഒപ്പിട്ടിരുന്നു.
യുഎസ് ആയുധ നിർമാതാക്കളായ സിഗ് സോവർ ആണ് റൈഫിളുകൾ വിതരണം ചെയ്യുന്നത്. യുഎസിൽ നിർമിക്കുകയും ഒരു വർഷത്തിനുള്ളിൽ വിതരണം ചെയ്യുകയും ചെയ്യുന്ന പുതിയ തോക്കുകളുടെ കരാർ ഫാസ്റ്റ് ട്രാക്ക് പ്രൊക്യുർമെന്‍റ് (എഫ്‌ടിപി) ആണ് വഹിക്കുന്നത്. 66,000 റൈഫിളുകൾ ഇന്ത്യൻ സൈന്യത്തിനുള്ളതാണ്. ബാക്കിയുള്ളവ ഇന്ത്യൻ നാവികസേനയും (2,000) ഇന്ത്യൻ വ്യോമസേനയും (4,000) വിഭജിച്ചെടുക്കും. സിഗ് സോവർ എസ്.ഐ.ജി 716 7.62x51 എംഎം ആക്രമണ റൈഫിളുകൾ ഇന്ത്യൻ നിർമിത 5.56x45 എംഎം ഇൻസാസ് റൈഫിളുകൾക്ക് പകരമായിരിക്കും. ഇന്ത്യയുടെയും റഷ്യയുടെയും കൂട്ടായ സംരംഭത്തിൽ നിർമ്മിക്കാൻ പോകുന്ന ഏഴ് ലക്ഷത്തിലധികം എകെ -203 ആക്രമണ റൈഫിളുകളും ഇന്ത്യൻ സൈന്യത്തിന് ലഭിക്കും.