ന്യൂഡല്‍ഹി: ഇന്ത്യാ ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിലെ നിരീക്ഷണങ്ങള്‍ക്കായി ഇന്ത്യൻ സൈന്യത്തിന് പുതിയ ഡ്രോണ്‍ കൈമാറി. പ്രദേശികമായി വികസിപ്പിച്ച പുതിയ ഡ്രോണിന് ഭാരത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മലനിരകളടക്കമുള്ള ഉയര്‍ന്ന മേഖലകളില്‍ ഏറെ ഉപകാരപ്രദമായ രീതിയിലാണ് പുതിയ ഡ്രോണിന്‍റെ രൂപകല്‍പ്പന.
ഏത് തരം കാലാവസ്ഥയേയും അതിജീവിക്കാൻ കഴിയുന്ന ഭാരതിനെ ശത്രുക്കളുടെ റഡാറിനും കണ്ടെത്താനാകില്ല. കിഴക്കൻ ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ സൈന്യത്തിന്‍റെ പരിശോധനക്ക് പുതിയ ഡ്രോണ്‍ വളരെയധികം പ്രയോജനപ്പെടുന്നു. ചണ്ഡിഗഡിലെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലാണ് ഭാരത് ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും നിലവില്‍ സൈന്യം ഉപയോഗിക്കുന്ന ഏതൊരു ഡ്രോണിനേക്കാളും മികച്ച രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ ഡ്രോണിന് കഴിയുമെന്നും, എന്ത് തരം സൈനിക നീക്കങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.