ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ചൈനയുടെ 10,000ത്തിലധികം വരുന്ന സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ സംഘര്‍ഷം പൂര്‍ണമായി ഇല്ലാതാവുന്നുള്ളുവെന്ന് ഇന്ത്യ. ജൂണ്‍ 6ന് നടത്തിയ മിലിറ്ററി കമാന്‍ഡര്‍മാരുടെ ചര്‍ച്ച പ്രകാരം ഇന്ത്യ,ചൈനീസ് സൈന്യം പിന്നോട്ട് നീങ്ങിയിരുന്നു. ഗല്‍വാന്‍ താഴ്‌വര, പട്രോളിങ് പോയിന്‍റ് 15,ഹോട്ട് സ്പ്രിങ്സ് എന്നീ മേഖലകളില്‍ വിന്യസിച്ചിരുന്ന സൈന്യം 2.5 കിലോമീറ്റര്‍ ദൂരത്തേക്കാണ് ചര്‍ച്ചയില്‍ ധാരണയായതിനു ശേഷം പിന്‍വാങ്ങിയത്. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ നിന്നും സൈന്യം പിന്‍വാങ്ങാന്‍ ആരംഭിച്ചുവെങ്കിലും ഇന്ത്യ ആഗ്രഹിക്കുന്നത് നിയന്ത്രണ രേഖയ്‌ക്ക് സമീപം വിന്യസിച്ചിരിക്കുന്ന 10,000ത്തിലധികം വരുന്ന ചൈനീസ് സൈന്യത്തെയും മിലിറ്ററി ടാങ്കുകളും പീരങ്കികളും പിന്‍വലിക്കണമെന്നാണ്. ഇതോടെ സംഘര്‍ഷം പൂര്‍ണമായും ഇല്ലാതാകുന്നതെന്ന് സര്‍ക്കാറിന്‍റെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേ സമയം മുന്‍കരുതലിന്‍റെ ഭാഗമായി ഇന്ത്യന്‍ സൈനികരുടെ 10,000 ട്രൂപ്പുകളെയും അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. മെയ് 4 മുതലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷം ആരംഭിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത പത്ത് ദിവസത്തിനിടെ നടക്കാനിരിക്കുന്ന ബറ്റാലിയന്‍ ലെവല്‍,ബ്രിഗേഡ് ലെവല്‍,മേജര്‍ ജനറല്‍ ലെവല്‍ ചര്‍ച്ചകളില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്‌ചയോ വ്യാഴാഴ്‌ചയോ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ ചര്‍ച്ച നടത്തുന്നതാണ്. സാധാരണ നിലയില്‍ അധികം സൈന്യത്തെ വിന്യസിക്കാത്ത ഹോടാന്‍, ഗര്‍ ഗുന്‍സ എന്നീ വ്യോമതാവളങ്ങളിലായി യുദ്ധവിമാനങ്ങളെയും ചൈന വിന്യസിച്ചിട്ടുണ്ട്.