ന്യൂഡൽഹി: വിമാനങ്ങളെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ സ്യൂട്ടുകള്‍ വാങ്ങുന്നതിനായി 1,200 കോടിയുടെ കരാര്‍ ഇന്ത്യ യു.എസുമായി ഒപ്പുവെച്ചു. ബോയിംഗ് -777 എക്സ്റ്റെൻഡഡ് റേഞ്ച് വിമാനങ്ങളിലെ മിസൈൽ പരിരക്ഷ സ്യൂട്ടുകള്‍ ആണ് വാങ്ങുക.
ഏത് മിസൈല്‍ ആക്രമങ്ങളെയും പ്രതിരോധിക്കാന്‍ ഈ സ്യൂട്ടുകള്‍ക്ക് കഴിവുണ്ട്. എയര്‍ഫോഴ്സ് വണ്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ് ഇരു സർക്കാരുകളും തമ്മിലുള്ള വിദേശ സൈനിക കരാർ ഒപ്പിട്ടത്.
ഇൻഫ്രാറെഡ്, ഇലക്ട്രോണിക് വാർഫെയർ , കൗണ്ടര്‍ മെഷര്‍ സ്യൂട്ടുകള്‍, ഡിസ്പെന്‍സിംഗ് സിസ്റ്റം, മിസൈല്‍ മുന്നറിയിപ്പ് സെന്‍സറുകള്‍ എന്നിവയാണ് വിമാനങ്ങള്‍ക്കുള്ള സ്വയം പരിരക്ഷണ സ്യൂട്ടുകളിലുള്ളത്.
വിവിഐപി ചുമതലകൾ നിര്‍വഹിക്കുന്നതിനായി രണ്ട് വിമാനങ്ങളും അടുത്ത വർഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ഇത്തരം സ്യൂട്ടുകള്‍ ആദ്യമായി ഇന്ത്യയിലെത്തിച്ചതും അമേരിക്കയാണ്. മിസൈല്‍ ഭീഷണി വര്‍ധിക്കുന്ന മേഖലകളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പുതിയ കരാര്‍ സഹായകമാകുമെന്ന് പ്രതിരോധ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.
പ്രസിഡന്‍റ് ട്രംപിന്‍റെ സന്ദർശന വേളയിൽ ഇന്ത്യയും യുഎസും നാവികസേനക്കായി 24 എംഎച്ച് 60 റോമിയോ മൾട്ടിറോൾ ഹെലികോപ്റ്ററുകൾക്കും കരസേനക്കായി ആറ് പുതിയ അപ്പാച്ചെ ചോപ്പറുകൾക്കുമായി കരാർ ഒപ്പിട്ടിരുന്നു.