ന്യൂഡൽഹി: കശ്‌മീര്‍ വിഷയം ഇന്ത്യയ്‌ക്കെതിരായ ആയുധമാക്കി പ്രയോഗിക്കാന്‍ വിവിധ രാജ്യങ്ങളിലെ എംബസികളിലും, നയതന്ത്ര ദൗത്യങ്ങളിലും പാകിസ്ഥാൻ സ്ഥാപിച്ച 'കശ്മീർ ഡെസ്ക്കുകൾ' അഥവാ 'കശ്മീർ സെല്ലുകൾ'ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. പാര്‍ലമെന്‍റിലാണ് വിഷയത്തിലെ നിലപാട് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കിയത്.
വിദേശരാജ്യങ്ങളിലെ എല്ലാ എംബസികളിലും കശ്‌മീര്‍ ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ഓഗസ്‌റ്റ് എഴിന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സഭയില്‍ രേഖാമൂലം മറുപടി പറഞ്ഞത്. കശ്‌മീരിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് പാകിസ്ഥാന്‍ ഇത്തരം ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നതെന്നാണ് കേന്ദ്ര നിലപാട്. ഇതിനെതിരെ തക്കതായ നടപടികളെടുക്കാന്‍ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി. മുരളീധരന്‍ സഭയെ അറിയിച്ചു.
കശ്‌മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. വിഷയം ഇന്ത്യയ്‌ക്കെതിരെ തിരിക്കാന്‍ ആഗോളതലത്തില്‍ പാകിസ്ഥാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് വിവിധ രാജ്യങ്ങളില്‍ കശ്‌മീര്‍ ഡെസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതും. അതേസമയം കശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.