ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ "സംഘർഷ" മേഖലകളിൽ നിന്നും പൂർണമായും പിൻമാറുന്നതിന് ചൈന ഇന്ത്യയുമായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം.
അതിർത്തി സംഘർഷങ്ങളെ കുറിച്ച് ലോക്സഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നാലുമാസം നീണ്ടുനിന്ന ഏറ്റുമുട്ടലിനെ കുറിച്ച് ഹ്രസ്വ വിവരണം നൽകി. ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിക്കാൻ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ജൂൺ 6ന് ഇരുരാജ്യങ്ങളിലെയും മുതിർന്ന കമാൻഡർമാർ യോഗം ചേർന്നതായും സമവായം നടപ്പാക്കുന്നതിന് നിരവധി മീറ്റിംഗുകൾ നടത്തിയതായും മുരളീധരൻ പറഞ്ഞു.
ഓഗസ്റ്റ് 29, 30 തീയതികളിൽ പാങ്കോംഗ് തടാകത്തിനോട് ചേർന്ന ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്താൻ ചൈന പരാജയപ്പെട്ടതിനെ തുടർന്ന് കിഴക്കൻ ലഡാക്കിലെ സ്ഥിതി വഷളായി. പാങ്കോംഗ് തടാകത്തിന്‍റെ തെക്കേ തീരത്ത് ഇന്ത്യ നിരവധി തന്ത്രപരമായ പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. ചൈനീസ് അതിക്രമണങ്ങൾ തടയാൻ ഫിംഗർ 2, ഫിംഗർ 3 മേഖലകളിലെ സൈനിക ബലം ശക്തിപ്പെടുത്തി. ചൈനയുടെ അതിക്രമ ശ്രമങ്ങളെത്തുടർന്ന് ഇന്ത്യ കൂടുതൽ സജ്ജമാണെന്നും വി. മുരളീധരൻ പറഞ്ഞു.