ന്യൂയോർക്ക്: സായുധപോരാട്ടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്ന തീവ്രവാദ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ യുഎൻ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ട് ഇന്ത്യ. സ്ത്രീകളെ ലക്ഷ്യമിടുന്ന അക്രമങ്ങൾ രാജ്യത്തിന്‍റെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണെന്ന് സുരക്ഷാ സമാധാന സമിതിയിൽ നടന്ന തുറന്ന ചർച്ചയിൽ ഇന്ത്യ വ്യക്തമാക്കി. സ്ത്രീ സുരക്ഷാ നിയമങ്ങൾ ശക്തമാക്കുന്നത് അസമത്വങ്ങൾ പരിഹരിക്കുന്നതിനും സമഗ്രവികസനത്തിന് സ്ത്രീകളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സഹായകമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.
സംഘർഷവും ആരോഗ്യ പ്രതിസന്ധികളും ഇതിനകം സ്ത്രീകളെയും പെൺകുട്ടികളെയും പുരോഗതിയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. യുഎൻ ശ്രമങ്ങൾക്കിടയിലും സൈന്യത്തിൽ 5.4 ശതമാനവും പൊലീസിൽ 15.1 ശതമാനവും മാത്രമാണ് സ്ത്രീകൾ ഉള്ളത്. സമാധാന, സുരക്ഷാ വിഷയങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും വനിതാ നേതൃത്വത്തെയും വനിതകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെയും കുറിച്ചുള്ള അറിവ് സ്ത്രീകൾക്ക് പ്രചോദനം നൽകുമെന്നും ഇന്ത്യ വ്യക്തമാക്കി.
സംഘർഷങ്ങൾ തടയുന്നതിലും പരിഹരിക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തവും അവർ നേരിടുന്ന തടസ്സങ്ങളും സംസ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടതുണ്ട്. പുരുഷാധിപത്യം, അസമത്വം, വിവേചനം എന്നിവ പൊതുയിടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറക്കുന്നുവെന്ന് ഇന്ത്യ യുഎൻഎസിയിൽ ഊന്നിപ്പറഞ്ഞു. തീരുമാനമെടുക്കൽ പ്രക്രിയയിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. രാജ്യത്ത് 1.3 ദശലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ പൊതു നയങ്ങൾ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും നേതൃത്വം നൽകുന്നുണ്ട്.