ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈന സേനാവിന്യാസം ശക്തമാക്കിയതിന് പ്രതികരണമെന്നോണം ഇന്ത്യയും മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയിലും ദെപ്‌സാങ് സമതലങ്ങളിലുമാണ് ചൈന 17000 അധിക സൈനികരെയും വാഹനങ്ങളെയും വിന്യസിച്ചിരുന്നത്. ഇന്ത്യക്കെതിരെയുള്ള നീക്കങ്ങളെ ചെറുക്കാനാണ് മുന്‍കരുതല്‍ നടപടിയെന്നോണം സുരക്ഷ ശക്തമാക്കിയത്. ടി 90 റെജിമെന്‍റുകളും ടാങ്കുകളും ഉള്‍പ്പെടെ ദൗലത് ബേഗ് ഓള്‍ഡിയിലും ദെപ്‌സാങ് മേഖലയിലും സേനയെ ശക്തിപ്പെടുത്തിയെന്ന് കേന്ദ്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കാരക്കോറം പാസില്‍ പട്രോളിങ് പോയിന്‍റ് 1മുതല്‍ ദെപ്‌സാങ് സമതലം വരെയാണ് വിന്യാസം. ഏപ്രില്‍ മെയ് സമയപരിധിയില്‍ ചൈന മേഖലയില്‍ അധിക സൈന്യത്തെ വിന്യസിച്ചിരുന്നുവെന്നും പട്രോളിങ് പോയിന്‍റ് 10 മുതല്‍ 15 വരെ ഇന്ത്യന്‍ പട്രോളിങിനെ തടയുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ചൈനീസ് സേനാ വിന്യാസത്തിന് മുന്‍പ് മൗണ്ടെയ്‌ന്‍ ബ്രിഗേഡും ആര്‍മ്‌ഡ് ബ്രിഗേഡുമായിരുന്നു മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 15000 സൈനികരെയും നിരവധി ടാങ്കുകളെയും വിന്യസിച്ചിട്ടുണ്ട്. ദൗലത് ബേഗ് ഓള്‍ഡിക്ക് എതിര്‍വശത്തെ ടിഡബ്ല്യൂഡി ബറ്റാലിയന്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കാരക്കോറം പാസിലെ ബറ്റാലിയനുമായി ബന്ധിപ്പിക്കാന്‍ തക്കവണ്ണം റോഡ് നിര്‍മിക്കാനാണ് ചൈനയുടെ പ്രധാന ഉദ്ദേശമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇത് 15 മണിക്കൂര്‍ സമയമെടുത്ത് ജി 219 ദേശീയപാതയില്‍ കൂടിയുള്ള അധിക സഞ്ചാരത്തെ ഒഴിവാക്കാന്‍ സഹായിക്കുമായിരുന്നു.
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനായുള്ള കൂടിക്കാഴ്‌ച കഴിഞ്ഞ ദിവസമാണ് നടന്നത്. ഫിംഗര്‍ പ്രദേശത്ത് നിന്നും മറ്റ് മേഖലകളില്‍ നിന്നും സൈന്യത്തെ മാറ്റുന്നതിനായിരുന്നു ചര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നത്. എന്നാല്‍ ദെപ്‌സാങ്, ദൗലത് ബേഗ് ഓള്‍ഡി എന്നിവിടങ്ങളിലെ ചൈനീസ് വിന്യാസത്തെക്കുറിച്ച് ചര്‍ച്ചയില്‍ പ്രതിപാദിച്ചിരുന്നില്ല. ഞായറാഴ്‌ച മോള്‍ഡോയില്‍ വെച്ചാണ് ഇന്ത്യ ചൈന കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ നടന്നത്. നേരത്തെ ഗാല്‍വന്‍ മേഖല, പിപി 15, ഹോട് സ്പ്രിങ്‌സ്, ഗോഗ്ര, ഫിംഗര്‍ എന്നിവിടങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങാമെന്ന് ചൈന സമ്മതിച്ചിരുന്നു. എന്നാല്‍ ഫിംഗര്‍ 5 പോസ്റ്റില്‍ നിരീക്ഷണ കേന്ദ്രം വേണമെന്ന ആവശ്യം ചൈന ഉയര്‍ത്തിയിരുന്നു. ആവശ്യം നിരസിച്ച ഇന്ത്യ ഏപ്രില്‍ മെയ് മാസങ്ങളില്‍ മേഖലയില്‍ നിലനിന്നിരുന്ന സ്ഥിതി പൂര്‍ണമായി പുനസ്ഥാപിക്കണമെന്നാണ് വ്യക്തമാക്കിയത്.