ന്യൂഡൽഹി: ബംഗ്ലാദേശിന് 10 ബ്രോഡ് ഗേജ് ഡീസൽ തീവണ്ടി എഞ്ചിൻ ഇന്ത്യ കൈമാറി. ഇന്ന് നടന്ന കൈമാറ്റ ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവർ ചേർന്ന് 10 ബ്രോഡ് ഗേജ് ലോക്കോമോട്ടീവുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
കൊവിഡ് വ്യാപനത്തിനിടയിലും ബംഗ്ലാദേശിലെ ജനങ്ങളുമായി സഹകരിക്കാൻ രാജ്യം തയ്യാറാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍ പറഞ്ഞു. ആഗോള മഹാമാരി പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്‍റെ തോത് കുറച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ റെയിൽവേ സഹമന്ത്രി സുരേഷ് സി. അങ്കഡിയും പങ്കെടുത്തു. ബംഗ്ലാദേശ് റെയിൽവേ മന്ത്രി എംഡി നൂറുൽ ഇസ്ലാം സുജാൻ, വിദേശകാര്യ മന്ത്രി ഡോ. അബുൾ കലാം അബ്ദുൾ മോമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ ആദ്യത്തെ അയൽരാജ്യ നയം നടപ്പാക്കുന്നതിൽ വിദേശകാര്യ മന്ത്രാലയവും റെയിൽവേ മന്ത്രാലയവും ഫലപ്രദമായ പങ്കാളികളാണെന്ന് ജയ്‌ശങ്കർ അഭിപ്രായപ്പെട്ടു. റെയിൽവേയിലൂടെ ചരക്കുനീക്കം നടത്തുന്നതിലൂടെ കൊവിഡ് സമയത്ത് ഉൽപാദന വ്യവസായങ്ങൾക്ക് ആവശ്യമായ വസ്തുക്കളുടെ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊൽക്കത്തയിൽ നിന്ന് അഗർത്തലയിലേക്ക് ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചട്ടോഗ്രാം വഴി അടുത്തിടെ കണ്ടെയ്നർ ചരക്ക് ട്രയൽറണ്ണിനെക്കുറിച്ച് സംസാരിച്ച ജയ്‌ശങ്കര്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ജലപാത ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതും പരസ്പര സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നതും സുപ്രധാന വികസനമാണെന്ന് വിശേഷിപ്പിച്ചു.