ന്യൂഡല്‍ഹി: ഈ വർഷം നവംബർ 15 ന് നടക്കാനിരിക്കുന്ന ഗിൽഗിത്- ബാൾട്ടിസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട പാകിസ്ഥാന്‍റെ നീക്കത്തെ ഇന്ത്യ ശക്തമായി എതിർക്കുന്നു. ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല കേന്ദ്ര ഭരണപ്രദേശമായ ജമ്മു, കശ്മീർ, ലഡാക്ക് എന്നിവയുടെ ഭാഗമാണെന്ന വസ്തുതയാണ് ഇന്ത്യ പാകിസ്താനെ ഓർമിപ്പിച്ചത്. അനധികൃതമായി പാകിസ്ഥാൻ കൈയടക്കിയ മേഖലയാണ് പ്രദേശം. ഇവിടെ യാതൊരു അവകാശവും ഉന്നയിക്കാൻ പാകിസ്ഥാന് അവകാശമില്ല . പാക് അധിനിവേശ കശ്മീരിൽ മാറ്റം വരുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. തർക്കപ്രദേശമായ ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ പാകിസ്ഥാന്‍റെ പ്രദേശമാണെന്ന് 1999 ല്‍ പാക് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറയാക്കിയാണ് പാകിസ്താൻ സർക്കാരിന്‍റെ നീക്കം.
2009ൽ ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ എംപവർമെന്‍റ് ആന്‍റ് സെൽഫ് ഗവേണൻസ് ഓർഡർ പാകിസ്താൻ ഭരണകൂടം കൊണ്ടു വന്നിരുന്നു. പാകിസ്താൻ സർക്കാരിന്‍റെ തീരുമാനത്തിൽ ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മേഖലയിലെ ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. നിയമപരമായി നിലനിൽപ്പില്ലാത്ത ശ്രമങ്ങൾക്ക് പാകിസ്താൻ ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയിൽ ശ്രമിക്കേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. അനധികൃത അധിനിവേശത്തിൻ കീഴിലുള്ള എല്ലാ പ്രദേശങ്ങളും ഉടൻ ഉപേക്ഷിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗിൽഗിത് ബാൾട്ടിസ്ഥാൻ പഴയ ജമ്മു കശ്മീരിന്‍റെ ഭാഗമാണെന്ന് ഇന്ത്യ പലതവണ ആവര്‍ത്തിച്ചിരുന്നു. നിയമവിരുദ്ധവും നിർബന്ധിതവുമായ അധിനിവേശത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ ഭൗതിക മാറ്റം വരുത്താനുള്ള ശ്രമങ്ങൾക്ക് പാകിസ്ഥാനോട് ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിട്ടുമുണ്ട്.