ന്യൂഡൽഹി: വിദേശ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സ്ഥലമാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ, എംഎസ്എംഇകൾ, ബാങ്കുകൾ, എൻബിഎഫ്‌സി, മറ്റ് മേഖലകൾ എന്നിവയിൽ നിക്ഷേപം നടത്തി സമ്പന്നമായ ലാഭവിഹിതം നേടാമെന്ന് വിദേശ നിക്ഷേപകരോട് അദ്ദേഹം പറഞ്ഞു. യുഎസ് ചേംബർ ഓഫ് കൊമേഴ്‌സുമായി ചേർന്ന് യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച ഇന്ത്യ ഐഡിയ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അല്ലാതെ ദാരിദ്ര്യമെന്ന പ്രശ്നം പരിഹരിക്കാനാവില്ല. അതിനായി എംഎസ്എംഇ, എൻബിഎഫ്‌സി, ബാങ്കുകൾ, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ വിദേശ നിക്ഷേപം ആവശ്യമാണ്. കൊവിഡ് പ്രതിസന്ധി താൽക്കാലിക ഘട്ടമാണെന്നും “സാമ്പത്തിക യുദ്ധം” വിജയിക്കുമെന്നതിൽ രാജ്യത്തിന് ആത്മവിശ്വാസമുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ കയറ്റുമതിയുടെ 50 ശതമാനവും എംഎസ്‌എംഎസ്‌ഇ മേഖലയിൽ നിന്നാണ്. അവയുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എംഎസ്എംഇ നിക്ഷേപ പരിധി ഗണ്യമായി ഉയർത്തിയതായും അദ്ദേഹം കൂട്ടിചേർത്തു. മൈക്രോ ഇൻഡസ്ട്രികളെ സംബന്ധിച്ചിടത്തോളം നിക്ഷേപ ബ്രാക്കറ്റ് നേരത്തെ 25 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒരു കോടി രൂപയായി ഉയർത്തി. ചെറുകിട വ്യവസായങ്ങളുടെ നേരത്തെയുണ്ടായിരുന്ന അഞ്ച് കോടി രൂപ നിക്ഷേപം ഇപ്പോൾ 10 കോടി രൂപയാണ്. അതുപോലെ, ഇടത്തരം വ്യവസായങ്ങൾക്ക് നിക്ഷേപം 10 കോടിയിൽ നിന്ന് 50 കോടിയായി ഉയർത്തി. ഇന്നത്തെ ലോക സാമ്പത്തിക സാഹചര്യത്തിൽ, അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.