കാഠ്‌മണ്ഡു: അതിര്‍ത്തി കടന്നുള്ള റെയില്‍ പദ്ധതി വിശകലനം ചെയ്യാനായി ഇന്ത്യ- നേപ്പാള്‍ ജോയിന്‍റ് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം. ബിഹാറിലെ ജയനഗര്‍ മുതല്‍ നേപ്പാളിലെ ബിജാല്‍പുര, ബര്‍ദിബാസ് വരെയും, ബിഹാറിലെ ജോഗ്‌ബനി മുതല്‍ നേപ്പാളിലെ ബിരാത് നഗര്‍ വരെയുമുള്ള റെയില്‍പ്പാത പദ്ധതികളെക്കുറിച്ച് യോഗം വിശകലനം ചെയ്‌തു.
ജയനഗര്‍ മുതല്‍ നേപ്പാളിലെ കുര്‍ത്ത വരെ പൂര്‍ത്തിയാക്കിയ 34 കിലോമീറ്റര്‍ നീളുന്ന റെയില്‍പ്പാതയില്‍ പാസഞ്ചര്‍ റെയില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനായുള്ള സാങ്കേതികവശങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കുര്‍ത്ത മുതല്‍ ബിജാല്‍പുര വരെ ശേഷിക്കുന്ന പാതയുടെ പൂര്‍ത്തികരണത്തിനായി ഇരു രാജ്യങ്ങളും തമ്മില്‍ യോഗത്തില്‍ നിര്‍ദേശങ്ങള്‍ കൈമാറി. 200 കോടി രൂപയാണ് ഇന്ത്യ ഇതിനായി നീക്കിവെച്ചിരിക്കുന്നത്.
ഇന്ത്യയിലെ ജോഗ്‌ബനി മുതല്‍ നേപ്പാളിലെ ബിരാത് നഗര്‍ വരെ പദ്ധതിയുടെ പൂര്‍ത്തികരണത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. 374 കോടിയാണ് പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് റെയില്‍വെ മന്ത്രാലയം ട്രാഫിക് ട്രാന്‍സ്‌പോട്ടേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ മനോജ് സിങിന്‍റെയും നേപ്പാളില്‍ നിന്ന് ഗതാഗത വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഇആര്‍ ഗോപാല്‍ പ്രസാദിന്‍റെയും നേതൃത്വത്തിലായിരുന്നു യോഗം.