ന്യൂഡല്‍ഹി:അതിര്‍ത്തി സംസ്ഥാനങ്ങളിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യയുടെയും മ്യാന്‍മറിന്‍റെയും സംയുക്ത സൈനിക നീക്കം . ഓപ്പറേഷന്‍ സണ്‍റൈസ് എന്ന പേരില്‍ നടത്തിയ ആക്രമണപരമ്പരയുടെ ആദ്യഘട്ടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന തീവ്രവാദസംഘടനകളുടെ ക്യാമ്പുകൾ സൈന്യം തകര്‍ത്തു. നിരവധി തീവ്രവാദപ്രവര്‍ത്തകരെ പിടികൂടിയതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ ആര്‍മിക്കൊപ്പം അസം റൈഫിൾസ് സേനയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
ഇരുരാജ്യങ്ങളുടെയും ഏകോപനത്തില്‍ കംതാപൂർ ലിബറേഷൻ ഓർഗനൈസേഷൻ (കെഎൽഒ), എൻഎസ്‌സിഎൻ (ഖപ്ലാങ്), യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഐ), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാന്‍റ് എന്നിവയുൾപ്പെടെയുള്ള തീവ്രവാദസംഘടനകളുടെ ക്യാമ്പുകൾ തകര്‍ത്തു. ഇന്ത്യയുടെ തന്ത്രപ്രധാനമായ അയൽ രാജ്യങ്ങളിലൊന്നായ മ്യാൻമർ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം 50 ലധികം തീവ്രവാദസംഘടനങ്ങൾ തമ്പടിച്ചിരുന്നുവെന്നാണ് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കൂടുതൽ ഇന്‍റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ടം ആരംഭിക്കുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്