ലോകം ഇപ്പോഴും കൊവിഡ് 19 നെതിരെ ഒരു പ്രതിരോധ മരുന്ന് കണ്ടു പിടിക്കുവാന്‍ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയും, ചില രാജ്യങ്ങള്‍ രോഗത്തിന്‍റെ രണ്ടാം വരവ് നേരിടുന്നതിനായി തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍ ആഗോള വിനോദ സഞ്ചാരം തുടര്‍ന്നും ഏറെ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരും. മാത്രമല്ല, അന്താരാഷ്ട്ര യാത്രകളുടെ ചെലവ് ഏറെ വര്‍ദ്ധിക്കുകയും എന്നും വിദഗ്ധര്‍ കരുതുന്നു. എന്നിരുന്നാലും, ചില രാജ്യങ്ങള്‍ ആഭ്യന്തര വിനോദ സഞ്ചാരം തുറക്കുകയാണ്. മാലി ദ്വീപ് പോലെയുള്ള രാജ്യങ്ങള്‍ ഈ മാസം തന്നെ അന്താരാഷ്ട്ര സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിന്‍റെ 80 ശതമാനം സമ്പദ് വ്യവസ്ഥയും നേരിട്ടോ അല്ലാതെയോ വിനോദ സഞ്ചാരത്തെ ആശ്രയിച്ചു കഴിയുന്നു എന്നതിനാല്‍ ഈ ചെറിയ ദ്വീപ് രാഷ്ട്രം വിദേശ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയും ശുചിത്വവും ഉറപ്പ് നല്‍കുകയാണ്. അതിര്‍ത്തികള്‍ അടച്ചതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വലിയ ഒരളവും ഇല്ലാതായി കഴിഞ്ഞിരിക്കുന്നു മാലി ദ്വീപില്‍. മുതിര്‍ന്ന പത്ര പ്രവര്‍ത്തക സ്മിതാ ശര്‍മ്മയുമായി നടത്തിയ ഒരു പ്രത്യേക അഭിമുഖത്തില്‍ മാലിയില്‍ നിന്നും സംസാരിക്കവെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ സഞ്ജയ് സുധീര്‍ പറഞ്ഞത് അന്താരാഷ്ട്ര വിനോദ സഞ്ചാരത്തിനായി രാജ്യം തുറന്നു കൊടുക്കുന്നതിന് അതിന്‍റെ ഭൂപ്രകൃതി തന്നെ ഒരു പ്രധാന ഘടകമാണ് എന്നാണ്. അന്താരാഷ്ട്ര വിനോദ സഞ്ചാരം നിലച്ചു പോയത് ഈ രാജ്യത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടി കാട്ടി. “നമ്മുടെ ലോകത്തിന്‍റെ ഈ ഭാഗത്ത് വിനോദ സഞ്ചാരത്തിനായി ആദ്യം തുറന്ന രാജ്യമാണ് മാലി ദ്വീപ്. ജൂലൈ 15 മുതല്‍ തന്നെ ഇവിടേക്ക് വിനോദ സഞ്ചാരികള്‍ പതുക്കെ പതുക്കെ വന്നെത്തി തുടങ്ങി. ഇവിടെയുള്ള 200 ഓളം റിസോര്‍ട്ടുകളില്‍ 57-60 എണ്ണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ദ്വീപുകള്‍ പലതും പലയിടങ്ങളിലായി തെന്നി തെറിച്ചു കിടക്കുന്നു എന്നതിനാല്‍ രോഗം നിയന്ത്രിക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. അതേ സമയം തന്നെ തലസ്ഥാനമായ മാലി വല്ലാതെ തിക്കും തിരക്കുമുള്ള നഗരവുമാണ്. കൊവിഡ് ഈ നഗരത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ വളരെ പ്രയാസമായിരിക്കും കാര്യങ്ങള്‍. എന്നാല്‍ വിമാന താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കായി ചില തരത്തിലുള്ള സുരക്ഷിത വഴി ഒരുക്കിയിട്ടുണ്ട് അവര്‍. അവര്‍ നേരെ ദ്വീപുകളിലേക്കാണ് പോവുക. അവിടെ ഒഴിവു കാലം ആസ്വദിച്ച ശേഷം വിമാന താവളത്തിലേക്ക് തിരിച്ചെത്തി തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകുന്നു,'' സഞ്ജയ് സുധീര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാലി ദ്വീപ് 17 ലക്ഷം വിനോദ സഞ്ചാരികളെയാണ് സ്വാഗതം ചെയ്തത്. 50000 മാത്രമാണ് അവരുടെ ജനസംഖ്യ എന്നറിയണം. വിദേശ വിനോദ സഞ്ചാരികളില്‍ രണ്ടാമത്തെ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനായി മാലി ദ്വീപ് പ്രയാസപ്പെടുമ്പോള്‍ മുംബൈയില്‍ നിന്നും കൊച്ചിയില്‍ നിന്നും ഓഗസ്റ്റ് മദ്ധ്യത്തോടെ ആരംഭിക്കുന്ന പരിമിതമായ വാണിജ്യ വിമാന സര്‍വീസുകള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ ഇവിടെ എത്തിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു “എയര്‍ ബബിള്‍'' സാധ്യമാക്കി എടുക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് സഞ്ജയ് സുധീര്‍ ഉറപ്പിച്ചു പറഞ്ഞു. “ഒരു കാലത്ത് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് അഞ്ചാം സ്ഥാനമാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് ഇരട്ടിയായി എണ്ണത്തില്‍ അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. പക്ഷെ ആവശ്യത്തിന് ഗതാഗത ബന്ധം ഇല്ലാത്തതിനാലും നമ്മുടെ തന്നെ കൊവിഡ് സാഹചര്യങ്ങള്‍ മൂലവും നമ്മുടെ വിനോദ സഞ്ചാരികള്‍ എത്തുന്നത് വളരെ കുറഞ്ഞിരിക്കുന്നു. അല്‍പ്പം വിമാന സര്‍വീസുകള്‍ എങ്കിലും ആരംഭിക്കുവാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ നമ്മള്‍ ആരാഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനു വേണ്ടി വ്യോമയാന മന്ത്രാലയവുമായും എയര്‍ ഇന്ത്യയുമായും ഞങ്ങള്‍ ബന്ധം പുലര്‍ത്തി കൊണ്ടിരിക്കുകയാണ്. അതെല്ലാം ശരിയായി വരികയാണെങ്കില്‍ ഇന്ത്യക്കും മാലി ദ്വീപിനും ഇടയില്‍ പരിമിതമായ എണ്ണം വിമാന സര്‍വീസുകളെങ്കിലും ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' അദ്ദേഹം പറഞ്ഞു.
“ഇരു രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇപ്പോള്‍ ഇവിടം സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു. മാത്രമല്ല, ചെറിയ ചെറിയ ദ്വീപുകള്‍ ചേര്‍ന്നുള്ള രാജ്യമാണ് എന്നതിനാല്‍ ഈ സ്ഥലം വളരെ സുരക്ഷിതവുമാണ്. വൈറസ് ബാധിച്ച സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് മറ്റുള്ളവയില്‍ നിന്നും അകന്നു കിടക്കുന്നവയായിരിക്കും. ഇതൊഴിച്ചാല്‍ മൊത്തത്തില്‍ ഈ രാജ്യം വളരെ സുരക്ഷിതമാണ്,'' സുധീര്‍ പറഞ്ഞു.
പക്ഷെ ആഗോള ആതിഥേയ, വ്യോമയാന മേഖലകള്‍ നേരിടുന്ന നിരവധി വെല്ലുവിളികളില്‍ പ്രധാനപ്പെട്ട ഒന്നാണ് അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്യുവാന്‍ ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാവുക എന്നുള്ളത്. തായ് ലാന്‍ഡ് അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലുള്ള പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരത്തിലൂടെ മാത്രമാണ് വരുമാനം ലഭിച്ചു വരുന്നത്.
“കൂടുതല്‍ ജര്‍മ്മനിക്കാര്‍ മാലി ദ്വീപിലേക്ക് ഒഴിവു കാലം ആസ്വദിക്കുവാനായി ഇതാദ്യമായി എത്തി തുടങ്ങിയിരിക്കുന്നു. സാധാരണ ഗതിയില്‍ ഒഴിവുകാലത്ത് വീട്ടിലിരിക്കാത്ത മിക്ക ജര്‍മ്മനിക്കാരും ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഗ്രീസ് എന്നിവിടങ്ങളിലേക്കാണ് പോകാറ്. പക്ഷെ ഈ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് പടര്‍ന്നു പിടിച്ചിട്ടുണ്ട്. അത്തരം രാജ്യങ്ങളില്‍ നിന്നും മടങ്ങി വരുന്ന വിനോദ സഞ്ചാരികളെ കുറിച്ച് ജര്‍മ്മനിയില്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. അവരെ പരിശോധനയ്ക്ക് വിധേയമാക്കുകയോ ക്വാറന്റൈന്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ജര്‍മ്മനിയുടെ ഏഷ്യയിലെ പോസിറ്റീവ് രാജ്യങ്ങളുടെ പട്ടികയില്‍ തായ് ലാന്‍ഡും വിയറ്റ്‌നാമും മാത്രമാണ് ഉള്ളത്. തത്വത്തില്‍ ചൈനയും അതില്‍ പെടുമെങ്കിലും പരസ്പര വിനിമയത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ആ ബന്ധം നിലനില്‍ക്കുന്നത്. ജര്‍മ്മനിയിലെ വിനോദ സഞ്ചാര വ്യവസായം ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. പക്ഷെ ഭൂരിഭാഗം ജര്‍മ്മനിക്കാരും വീട്ടില്‍ തന്നെ അടങ്ങി കഴിയുന്നതിനാല്‍ പ്രതീക്ഷിച്ചതു പോലെ അത്ര വലിയ പ്രശ്‌നം അവര്‍ നേരിടുന്നില്ല,'' സ്മിതാ ശര്‍മ്മയുമായി സംസാരിക്കവെ ഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയിലെ വക്താവായ ഹാന്‍സ് ക്രിസ്ത്യന്‍ വിങ്ഗ്ലര്‍ വിശദീകരിക്കുന്നു.
എന്നാല്‍ വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവേറുന്നു എന്നതിനാല്‍ അന്താരാഷ്ട്ര യാത്രക്കും ചെലവേറും എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. “ജര്‍മ്മനിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും ഞങ്ങളുടെ അയല്‍ രാജ്യങ്ങളായ ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, യു കെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എത്രത്തോളം സന്ദര്‍ശകര്‍ ജര്‍മ്മനിയിലേക്ക് വരുന്നു എന്നുള്ളതല്ല ഇപ്പോഴത്തെ വിഷയം. മറിച്ച്, പ്രവര്‍ത്തന ചെലവാണ്. ഇന്ത്യയിലെ പോലെ തന്നെ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും സാധാരണ തോതില്‍ ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. വിമാന സര്‍വീസുകളുടെ കാര്യത്തില്‍ അതിലും ഗുരുതരമായ സാഹചര്യമാണ്. ഫ്രാന്‍സിലെ എയര്‍ ഫ്രാന്‍സോ അല്ലെങ്കില്‍ ജര്‍മ്മനിയിലെ ലുഫ്താന്‍സയോ ഏതായാലും ശരി നികുതി ദായകരുടെ പണം കൊണ്ടു വേണം അവരെ രക്ഷിക്കാന്‍ എന്ന അവസ്ഥയാണ്. അതിനാല്‍ ഈ കമ്പനികള്‍ പാപ്പരായി പോകാതിരിക്കാന്‍ സര്‍ക്കാര്‍ അവരുടെ ഓഹരികള്‍ വാങ്ങിയിരിക്കുകയാണ്. ഈ യാത്രാ ഓപ്പറേറ്റര്‍മാരും വിമാന കമ്പനികളുമൊക്കെ വളരെ പ്രയാസകരമായ സ്ഥിതിയിലാണ്. ഹോട്ടലുകളും റസ്‌റ്റോറന്റുകളും പിടിച്ചു നില്‍ക്കുന്നുണ്ട്. പക്ഷെ ജര്‍മ്മനിയില്‍ ചില സുപ്രസിദ്ധമായ റസ്‌റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തന ചെലവ് വല്ലാതെ ഉയര്‍ന്നതിനാല്‍ അടച്ചു പൂട്ടേണ്ടി വന്നിരിക്കുന്നു. ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാവുന്ന വിലകള്‍ക്ക് ഒരു പരിധിയുണ്ട്. അതിനാല്‍ തന്നെ അവരില്‍ പലരും വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് ഉള്ളത്,'' ഹാന്‍സ് ക്രിസ് ത്യന്‍ കൂട്ടി ചേര്‍ത്തു. അതേ സമയം തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ കൊറോണയുടെ രണ്ടാം വരവിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഒരു പുനരുജ്ജീവനത്തിന് സമയ പരിധി കണ്ടെത്തുക എന്നുള്ളത് സാധ്യമല്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഐക്യരാഷ്ട്ര സഭയുടെ വ്യാപാര വികസന കോണ്‍ഫറന്‍സ് (യു എന്‍ സി ടി എ ഡി) ജൂലൈ-1ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത് ആഗോള വിനോദ സഞ്ചാര മേഖല 1.2 ട്രില്ല്യണ്‍ യു എസ് ഡോളര്‍ അല്ലെങ്കില്‍ ആഗോള ജി ഡി പി യുടെ 1.5 ശതമാനം നഷ്ടമാണ് നേരിടാന്‍ പോകുന്നത് എന്നാണ്. ഐക്യരാഷ്ട്ര സഭയുടെ ആഗോള വിനോദ സഞ്ചാര സംഘടന നല്‍കുന്ന കണക്കു പ്രകാരം ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പോകുന്ന സന്ദര്‍ശകരുടെ എണ്ണം 2019-ലെ 29 ദശലക്ഷം എന്ന നിരക്കില്‍ നിന്നും 2020-ല്‍ 10 ദശലക്ഷമായി ചുരുങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കൊവിഡ് പൊട്ടി പുറപ്പെടുന്നതിനു മുന്‍പ് പ്രതീക്ഷിച്ച കണക്കു പ്രകാരം ഏതാണ്ട് 50 ദശലക്ഷം ഇന്ത്യക്കാര്‍ വിദേശത്തേക്ക് സഞ്ചരിക്കുമെന്നായിരുന്നു. 2017-ല്‍ 23 ദശലക്ഷം ഇന്ത്യാക്കാരാണ് വിദേശ സഞ്ചാരം നടത്തിയത്. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സിംഗപ്പൂര്‍, തായ് ലാന്‍ഡ്, ഇന്തോനേഷ്യാ, മാലി ദ്വീപ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളാണ്. ന്യൂ ഡല്‍ഹിയിലെ ഡയറക്ടര്‍ ഓഫ് ടൂറിസം അതോറിറ്റി ഓഫ് തായ്ലാന്‍ഡായ വജിരച്ചായ് സിരിസുമ്പന്‍ കരുതുന്നത് ഉടനെ ഒന്നും അന്താരാഷ്ട്ര വിനോദ സഞ്ചാരം പുനരുജ്ജീവിക്കാന്‍ പോകുന്നില്ല എന്നാണ്.
“തായ് ലാന്‍ഡില്‍ ആഭ്യന്തര്‍ ടൂറിസം ഏതാണ്ട് സാധാരണ നിലയിലായി കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ കഴിയുന്നുണ്ട്. പക്ഷെ അന്താരാഷ്ട്ര വിനോദ സഞ്ചാരം കുറച്ചു കൂടി സമയമെടുക്കും. എപ്പോള്‍ എന്ന് എനിക്ക് കൃത്യമായി പറയാന്‍ കഴിയുകയില്ല. നിലവിലെ സാഹചര്യത്തില്‍ നമുക്ക് ഒരുപോലെ സുരക്ഷിതത്വത്തെ കുറിച്ചും സാമ്പത്തിക സന്തുലിതാവസ്ഥയെ കുറിച്ചും കണക്കാക്കേണ്ടതുണ്ടല്ലോ. ഓരോ രാജ്യത്തെ സംബന്ധിച്ചിടത്തോളവും സാമ്പത്തികം വളരെ വെല്ലുവിളിയാര്‍ന്ന കാര്യമാണ്. നിലവില്‍ ഞങ്ങള്‍ ക്രമേണ തുറന്നു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഞങ്ങള്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കുന്നത് തായ് ലാന്‍ഡില്‍ ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ വൈദ്യ ചികിത്സ ആവശ്യമായി വരുന്നവര്‍ എന്നിവര്‍ക്ക് മാത്രമാണ്. തായ് വിനോദ സഞ്ചാരം വളരെ വലിയ നഷ്ടമാണ് നേരിട്ടിരിക്കുന്നത്,'' സ്മിതാ ശര്‍മ്മയുമായി നടത്തിയ പ്രത്യേക സംഭാഷണത്തില്‍ സിരിസുമ്പന്‍ പറഞ്ഞു.
അന്താരാഷ്ട്ര സന്ദര്‍ശകരുടെ വിശ്വാസ്യതയും ആത്മവിശ്വാസവും നേടിയെടുക്കുക എന്നുള്ള കാര്യമാണ് ആഗോള വിനോദ സഞ്ചാരം പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ണ്ണായ വഴി എന്ന് അദ്ദേഹം കരുതുന്നു. 'പണത്തിനു മൂല്യം' ലഭിക്കുകയാണെങ്കില്‍ അല്‍പ്പം ചെലവ് കൂടിയാല്‍ പോലും ആളുകള്‍ യാത്ര ചെയ്യുവാന്‍ തയ്യാറാകും എന്നു തന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. “ഓരോ രാജ്യവും, ഓരോ ഹോട്ടലും, റിസോര്‍ട്ടും, ഇനി എസ് ഒ പി കള്‍ ചെയ്യേണ്ടതുണ്ട്. വിതരണവും ആവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് നമുക്ക്. നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു നിങ്ങള്‍ക്കെങ്കില്‍ അതിനു കാരണമെന്താണെന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാകുന്നുണ്ട് എന്നും നിങ്ങള്‍ ഉറപ്പ് വരുത്തണം. നല്‍കുന്ന പണത്തിന് മൂല്യമുണ്ടെന്ന് ഉപഭോക്താവ് കരുതുന്നിടത്തോളം കാലം ഒഴിവു കാലം ആസ്വദിക്കുവാന്‍ പണം മുടക്കുവാന്‍ അവര്‍ ഒരുക്കമായിരിക്കും,'' തായ് വിനോദ സഞ്ചാര ഉദ്യോഗസ്ഥന്‍ കൂട്ടി ചേര്‍ത്തു.