ന്യൂഡൽഹി: ഒരു മില്യൺ ജനസംഖ്യയിൽ കുറവ് കൊവിഡ് കേസുകൾ മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തതെന്ന് ലോകാരോഗ്യസംഘടന. ഒരു മില്യൺ ജനതയിൽ ശരാശരി 505.37 കൊവിഡ് കേസുകളാണ് ഇന്ത്യയിലുള്ളതെന്നും എന്നാൽ ആഗോള ശരാശരി 1453.25 ആണെന്നും ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നു. ഒരു മില്യൺ ആളുകളിൽ ചിലിയിൽ 15,459.8, പെറുവിൽ 9070.8 മാണ് ശരാശരി കണക്കെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ 8560.5, ബ്രസീൽ 7419.1, സ്പെയിൻ 5358.7 എന്നിങ്ങനെയുമാണ് ശരാശരി കൊവിഡ് ബാധിതരുടെ നിരക്ക്.
ഒരു മില്യൺ ജനസംഖ്യയിൽ യുകെയിൽ ശരാശരി 651.4 മരണം റിപ്പോർട്ട് ചെയ്‌തപ്പോൾ സ്‌പെയിനിൽ 607.1, ഇറ്റലിയിൽ 576.6, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലായി യഥാക്രമം 456.7, 391.0 മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യയിൽ ഒരു മില്യൺ ജനസംഖ്യയിൽ ശരാശരി 315.8 പേർ രോഗമുക്തി കൈവരിച്ചു. കൊവിഡ് ആഗോള കൊവിഡ് മരണനിരക്ക് 68.29 ആണെന്നിരിക്കെ ഇന്ത്യയിൽ 14.27 ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേ സമയം കോൺടാക്റ്റ് ട്രെയ്‌സിങ്ങും വീടുതോറുമുള്ള സർവേകളും കൺടെയ്‌മെന്‍റ് സോണുകളിൽ അടക്കം ശക്തമാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാന സർക്കാരുകൾ 80 ശതമാനം പുതിയ കൊവിഡ് രോഗികളുടെ കോൺടാക്റ്റ് ട്രെയ്‌സിങ് നടത്തണം. ഇവരെ 72 മണിക്കൂറിനുള്ളിൽ ക്വാറന്‍റൈനിലേക്ക് മാറ്റണമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.