ന്യൂഡൽഹി: സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്‌സ് അഡ്‌മിനിസ്‌ട്രേഷനാണ് വിവരങ്ങൾ സർക്കാരിനയച്ചത്. ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങളാണ് ഫെഡറല്‍ ടാക്‌സ് അഡ്‌മിനിസ്‌ട്രേഷൻ പുറത്തു വിട്ടിരിക്കുന്നത്. ഓട്ടോമാറ്റിക് വിവര കൈമാറ്റ കരാറിന്‍റെ ഭാഗമായാണ് സ്വിസ്ബാങ്ക് വിവരങ്ങൾ കൈമാറുന്നത്. വിദേശത്തുള്ള കള്ളപ്പണ നിക്ഷേപം കണ്ടുപിടിക്കുന്നതിന് ഇത് വലിയ സഹായകമാകുമെന്നാണ് കരുതുന്നത്.
നിലവില്‍ സജീവമായ അക്കൗണ്ടുകളും 2018ല്‍ നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെയും വിവരങ്ങളുമാണ് കൈമാറ്റം ചെയ്‌ത പട്ടികയിലുള്ളത്. അക്കൗണ്ട് ഉടമകളുടെ പേര്, കൈമാറ്റം ചെയ്‌ത തുക, വിലാസം, നികുതി നമ്പര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പട്ടിക. ഇന്ത്യക്കാരുടെ ഔദ്യോഗിക പേരിലുള്ള വിവരങ്ങള്‍ മാത്രമേ പട്ടികയിലുള്ളൂ എന്നത് ഒരു പോരായ്‌മയാണ്.