മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്‌കാർ ജേതാവും കോസ്റ്റ്യൂം ഡിസൈനറുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. വ്യാഴാഴ്‌ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. മരണ വിവരം മകളാണ് പുറത്തുവിട്ടത്. അന്ത്യകർമങ്ങൾ ദക്ഷിണ മുംബൈയിലെ ചന്ദൻവാടി ശ്‌മശാനത്തിൽ നടക്കും. എട്ട് വർഷങ്ങൾക്ക് മുൻപാണ് ഭാനു അത്തയ്യയ്ക്ക് തലച്ചോറിൽ ട്യൂമർ ബാധിക്കുന്നത്. തുടർന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളായി തളർന്ന് കിടപ്പിലായിരുന്നു.
അര നൂറ്റാണ്ടിലേറെ കോസ്റ്റ്യൂം മേഖലയിൽ പ്രവർത്തിച്ച ഭാനു അത്തയ്യ നൂറോളം സിനിമകളിൽ വസ്‌ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ ചിത്രം 'ഗാന്ധി'യാണ് ഭാനുവിന് ഓസ്‌കാർ പുരസ്‌കാരം നേടിക്കൊടുത്തത്. ഗാന്ധി സിനിമയിലൂടെ അക്കാദമി പുരസ്‌കാരവും ഭാനുവിന് ലഭിച്ചിട്ടുണ്ട്.