ന്യൂഡൽഹി: കൊവിഡിന്‍റെ സമഗ്ര നിരീക്ഷണത്തിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദ്ദേശിച്ച പ്രകാരം ഒരു ദശലക്ഷം ജനസംഖ്യയിൽ പ്രതിദിനം 140 ടെസ്റ്റുകൾ എന്ന കണക്കിൽ കൂടുതൽ കൊവിഡ് ടെസ്റ്റുകൾ ഇന്ത്യ നടത്തുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പല ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൊവിഡ് പരിശോധന നടത്തുന്നതിൽ ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച്, ഇന്ത്യ ഒരു ദശലക്ഷം ജനസംഖ്യയിൽ പ്രതിദിനം 828 പരിശോധനകളാണ് നടത്തുന്നത്.
ദശലക്ഷം ജനസംഖ്യയിൽ പ്രതിദിനം 2,717 കൊവിഡ് പരിശോധന നടത്തുന്ന ഡൽഹിയാണ് രാജ്യത്ത് ഒന്നാമതാണ്. ഗോവയിൽ 1,319 പരിശോധനകളും കർണാടകയിൽ 1,261 പരിശോധനകളുമാണ് നടത്തുന്നത്. അതേസമയം, ഒരു ദശലക്ഷം ജനസംഖ്യയിൽ പ്രതിദിനം 280 ടെസ്റ്റുകൾ നടത്തുന്ന രാജസ്ഥാൻ കൊവിഡ് പരിശോധനയുടെ പട്ടികയിൽ ഏറ്റവും താഴെയാണ്.
രാജ്യത്ത് ആകെ 66,23,816 കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കേസുകളിൽ 9,34,427 സജീവ കൊവിഡ് കേസുകളും 55,86,704 രോഗമുക്തി നേടി ആശുപത്രി വിട്ടവരും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 903 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,02,685 ആയി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് രാജ്യത്ത് ഒക്ടോബർ നാല് വരെ 7,99,82,394 സാമ്പിളുകളാണ് പരിശോധിച്ചത്.