തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ 61,408 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 31,06,349 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 23,28,036 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 836 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 57,542 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 1,71,859 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശാണ് തൊട്ട് പിന്നിലുള്ളത്. 89,742 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മാത്രം 6,09,917 സാമ്പിളുകൾ പരിശോധിച്ചു. 3,59,02,137 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 57,468 പേരാണ് പുതുതായി രോഗമുക്തരായത്.
രോഗമുക്തി നിരക്ക് രോഗം സ്ഥിരീകരിക്കുന്നതിനെക്കാൾ മൂന്ന് മടങ്ങ് കൂടുതലായതിനാല്‍ രോഗമുക്തിയും പോസ്റ്റീവ് കേസുകളും തമ്മിലുള്ള അന്തരം വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായ രോഗികൾക്ക് ആശുപത്രികളില്‍ കാര്യക്ഷമമായ ക്ലിനിക്കൽ മാനേജ്മെന്‍റ് ഉറപ്പാക്കുകയും ഗുരുതരമല്ലാത്ത രോഗികൾക്ക് വീടുകളില്‍ കൃത്യമായ ഹോം ഐസോലേഷനും കേന്ദ്രം ഉറപ്പ് വരുത്തുന്നതാണ് ഇതിന് കാരണമെന്നും മന്ത്രാലയം അറിയിച്ചു.