ഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവ്. ആകെ കൊവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്കും മരണനിരക്ക് അരലക്ഷത്തിലേക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണം ബുധനാഴ്‌ച രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,553 പേര്‍ക്ക് വെറസ് ബാധയും 1007 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 6,61,595 സജീവ കേസുകളാണ് ഉള്ളത്. കൊവിഡ് കാരണം ഇതുവരെ ആകെ മരണത്തിന് കീഴടങ്ങിയത് 48,040 പേര്‍. വ്യാഴാഴ്ച മാത്രം 8,48,728 സാമ്പിളുകളാണ് പരിശോധിച്ചത്.
ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനക്കെത്തിയതും വ്യാഴാഴ്ച തന്നെയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ പ്രകാരം ഇതുവരെ 2.76 കോടി സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. ജൂലൈ ആദ്യ ആഴ്ചയില്‍ ശരാശരി 2.3 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെങ്കില്‍ ഇപ്പോള്‍ തോത് ഏറ്റവും ഉയര്‍ന്നിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതായത് ഇപ്പോള്‍ ശരാശരി 6.3 ലക്ഷം സാമ്പിളുകളാണ് പരിശോധിക്കുന്നത്. കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അതായത് മരണനിരക്ക് 1.96 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.