ന്യൂഡല്‍ഹി: ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡി മേഖലയില്‍ ഇന്ന് ഇന്ത്യയും ചൈനയും മേജര്‍ ജനറല്‍ തല ചര്‍ച്ച നടത്തും. ലഡാക്കിലെ നിയന്ത്രണരേഖയില്‍ നിന്നും ചൈനീസ് സേനയെ പിന്‍വലിക്കുന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ച നടക്കുകയെന്ന് ഇന്ത്യന്‍ ആര്‍മിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും നേരത്ത നിരവധി നയതന്ത്ര സേനാതല ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഓഗസ്റ്റ് രണ്ടിന് സമാനമായ ആവശ്യം ഉന്നയിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ചാം ഘട്ട കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ ചൈനീസ് സേനയോട് പൂര്‍ണമായും പിന്‍വാങ്ങാന്‍ ഇന്ത്യ ആവശ്യപ്പെടുകയും മെയ് 5ന് മുന്‍പുള്ള അവസ്ഥ കിഴക്കന്‍ ലഡാക്കില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ഗാല്‍വന്‍ താഴ്‌വരയില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നും നേരത്തെ ചൈന സേനയെ പിന്‍വലിച്ചിരുന്നു. എന്നാല്‍ പാങ്കോങ് മേഖലയില്‍ നിന്നും ചൈന സേനയെ പിന്‍വലിച്ചിരുന്നില്ല. ഫിംഗര്‍ 4,8 പ്രദേശങ്ങളില്‍ നിന്നായി ചൈന നിര്‍ബന്ധമായും സേനയെ പിന്‍വലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചക്ക് പിന്നാലെയാണ് ജൂലായ് 6 മുതല്‍ സേനകളെ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.