ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങളുടെയും സൈനിക മേധാവിമാര്‍ തമ്മിൽ നടന്ന ചർച്ച അവസാനിച്ചതായി റിപ്പോർട്ട്. 14 കോർപ്‌സ് കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ലേയിലേക്ക് മടങ്ങിയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. രാവിലെ 11.30ന് ആരംഭിച്ച ചർച്ച അഞ്ച് മണിക്കൂറോളം നീണ്ടു നിന്നു. എന്നാൽ ചർച്ചയിൽ വ്യക്തമായ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
ഒരു മാസമായി കിഴക്കൻ ലഡാക്ക് പ്രദേശത്ത് നടക്കുന്ന അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇരു രാജ്യങ്ങളിലെയും സൈനിക മേധാവിമാരുടെ ആദ്യ ശ്രമമായിരുന്നു ഇത്. കിഴക്കൻ ലഡാക്കിലെ എൽഎസിയുടെ ചൈനീസ് ഭാഗമായ മാൽഡോയിലെ ബോർഡർ പേഴ്‌സണൽ മീറ്റിങ് പോയിന്‍റിലാണ് ചർച്ച നടന്നത്. അതേ സമയം നിലവിലെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ-ചൈനീസ് ഉദ്യോഗസ്ഥർ സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെയുള്ള ശ്രമം തുടരുകയാണെന്ന് ഇന്ത്യൻ കരസേന വക്താവ് പറഞ്ഞു.