ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന സൈനിക മേധാവികൾ അടുത്തയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. ഇത് എട്ടാം തവണയാണ് ഇരു രാഷ്ട്രങ്ങളും സമാധാന ചര്‍ച്ച നടത്തുന്നത്.
ആറുമാസമായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇരുപക്ഷത്തുനിന്നുമുള്ള സൈനിക മേധാവികളുടെ അവസാന യോഗം ഒക്ടോബർ 12ന് ചുഷുളിൽ നടന്നിരുന്നുവെങ്കിലും തർക്കം പരിഹരിക്കാതെ അവസാനിച്ചു.
ഇന്ത്യ-ചൈന അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിലെ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിരിച്ചുവിടുന്നതിനെ കുറിച്ച് ഇരുപക്ഷത്തിനും ആത്മാർഥവും ആഴവും ക്രിയാത്മകവുമായ നിലപാടുണ്ടെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
സൈനിക, നയതന്ത്ര ചാനലുകളിലൂടെ സംഭാഷണവും ആശയവിനിമയവും നിലനിർത്താൻ ഇരുപക്ഷവും സമ്മതിച്ചതായും, എത്രയും വേഗം സൈനിക വിച്ഛേദത്തിന് പരസ്പര സ്വീകാര്യമായ പരിഹാരത്തിൽ എത്തിച്ചേരുമെന്നും പറഞ്ഞിരുന്നു. ഓഗസ്റ്റ് 30ന്, പാങ്കോങ് തടാകത്തിന്‍റെ തെക്കേ കരയിലെ റെച്ചിൻ ലാ, റെസാങ് ലാ, മുക്പാരി, ടാബ്‌ലെറ്റ് തുടങ്ങിയ പർവതനിരകൾ ഇന്ത്യ കൈവശപ്പെടുത്തി.