കൊവിഡ് 19 പ്രതിസന്ധിയെ കുറിച്ചും ലോകാരോഗ്യ സംഘടന ഇത് കൈകാര്യം ചെയ്ത രീതിയെ കുറിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ രംഗത്ത്. ലോകാരോഗ്യ അസംബ്ലിക്ക് (ഡബ്ല്യുഎച്ചഎ) മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ആവശ്യം. ഓസ്‌ട്രേലിയയും യൂറോപ്യൻ യൂണിയനും (ഇയു) സംയുക്തമായാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. തിങ്കളാഴ്ച ജനീവയിൽ നടക്കുന്ന നിർണായക ലോകാരോഗ്യ അസംബ്ലി യോഗത്തിൽ (ഡബ്ല്യുഎച്ച്എ) വിഷയത്തിന്‍റെ കരട് പ്രമേയം സമർപ്പിക്കും. കൊവിഡിന്‍റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യ, അൽബേനിയ, ബംഗ്ലാദേശ്, ബെലാറസ്, ഭൂട്ടാൻ, ബ്രസീൽ, കാനഡ, ഇന്തോനേഷ്യ, ജപ്പാൻ, ന്യൂസിലാന്‍റ്, നോർവേ, ദക്ഷിണ കൊറിയ, റഷ്യ, തുർക്കി, യുകെ തുടങ്ങി 62 ലോക രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. അമേരിക്ക ഇപ്പോഴും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ചൈന മാറിന്നിൽക്കുന്നതിയിൽ യാതൊരു അത്ഭുതവും ഇല്ലതാനും.
'കൊവിഡ് 19 പ്രതിസന്ധിയെക്കുറിച്ച് 'നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ' അന്വേഷണം വേണം. കൂടാതെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നടപടികളെക്കുറിച്ചും കൊവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണം', പ്രമേയം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണവും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും രോഗവ്യാപനം ആദ്യമായുണ്ടായ ചൈനയെയോ വുഹാന്‍ നഗരത്തെയോ കുറിച്ച് പ്രമേയം പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അന്വേഷണം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കണമെന്നാണ് ലോക രാജ്യങ്ങളുടെ ആവശ്യം. അംഗ രാജ്യങ്ങളോടാലോചിച്ച് സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തണമെന്നും നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണമെന്നും കരട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ലോകത്തിന്‍റെ മുഴുവൻ ആരോഗ്യവും സംരക്ഷിക്കുന്നതിന് ഇത്തരത്തിലൊരു അന്വേഷണം ആവശ്യമാണെന്നും, ഇനിയൊരു മഹാമാരി പ്രതിരോധിക്കുന്നതിനോ, പൗരന്മാരെ സുരക്ഷിതമായി നിലനിർത്തുന്നതിനോ, അന്താരാഷ്ട്ര സമൂഹത്തെ സജ്ജമാക്കുകന്നതിനുള്ള സഹകരണമാണിതെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു. വിമർശനത്തിനുള്ള സമയമല്ല ഇതെന്നും ഇനിയും സമാനമായ ഒരു പ്രതിസന്ധി ലോകം അഭിമുഖീകരിക്കുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്നും ന്യൂഡൽഹിയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, നിരീക്ഷകനായി തായ്‌വാനെ ലോകാരോഗ്യ സംഘടനയിലേക്ക് തിരിച്ചയക്കാൻ ഓസ്‌ട്രേലിയ ശ്രമിക്കുന്നുണ്ട്. ബീജിംഗ് തങ്ങളുടെ വൺ ചൈന നയം ഉദ്ധരിക്കുന്നതിനെ ശക്തമായി എതിർത്തു. എന്തെല്ലാമാണെങ്കിലും ഈ മാസം അവസാനം ലോകാരോഗ്യ അസംബ്ലിയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർപേഴ്‌സണായി ഇന്ത്യയെ നിയമിക്കുമെന്നാണ് പ്രതീക്ഷ.