ന്യൂഡൽഹി: ജെഎൻയു ഹോസ്റ്റൽ ആക്രമണത്തിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായി കോൺഗ്രസിന്‍റെ വസ്തുതാന്വേഷണ സമിതി ക്യാമ്പസ് സന്ദർശിച്ചു. കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുന്‍ എന്‍എസ്‌യുഐ പ്രസിഡന്‍റുമാരായ അമൃത ധവാന്‍, ഹൈബി ഈഡന്‍ എംപി, ജെഎന്‍യു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് സയിദ് നസീർ സുസൈൻ എന്നിവരുമുണ്ടായിരുന്നു.
കോളജിലെ പ്രൊഫസറായ അജയ് പട്‌നായിക്കുമായി അന്വേഷണ സമിതി കൂടികാഴ്‌ച നടത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. ഒരാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം ആളുകള്‍ കോളജില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ ആക്രമിച്ചത്. സംഭവത്തില്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റിനടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും, അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ ആക്രമണത്തിനിരയായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷടക്കം 19 പേര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ക്യാമ്പസില്‍ അതിക്രമിച്ച് കയറി സുരക്ഷ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചുക്കുകയും സെര്‍വര്‍ റൂം തല്ലിതകര്‍ക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പരാതിക്കാർക്കെതിരെ നടപടിയെടുത്ത പൊലീസിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പരാതിക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തത് അപമാനകരമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.