ഹൈദരാബാദ്: രാജ്യത്തെ ഭൂരിപക്ഷം ജലശാലയങ്ങളും മലിനപ്പെട്ടിരിക്കുകയാണ്. ഇത് വിരള്‍ ചൂണ്ടുന്നത് കടുത്ത ജലക്ഷാമത്തിലേക്കാണ്. ഹൈദരാബാദിലെ മെട്രോപൊളിറ്റൻ പ്രദേശത്ത് ഫാക്ടറികൾ നിര്‍മാര്‍ജനം ചെയ്യുന്ന വ്യാവസായിക മാലിന്യങ്ങൾ 185-ഓളം ജലാശയങ്ങളെ മലിനമാക്കുന്നു. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് ജലത്തിന്‍റെയും വായുവിന്‍റെയും ഗുണനിലവാരം അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വ്യാവസായിക മാലിന്യങ്ങൾ ഹൈദരാബാദിലെ ചുറ്റുമുള്ള ജലാശയങ്ങളിലേക്ക് പുറന്തള്ളുന്നത് ദുർഗന്ധം വമിക്കാന്‍ ഇടയാക്കുന്നുണ്ട്. ഹുസൈൻ സാഗർ തടാകമുൾപ്പടെ നഗരത്തിലെ മിക്ക ജലസ്രോതസുകളിലേക്കും ടൺ കണക്കിന് രാസമാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നുവെന്നാണ് സര്‍വേ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അനധികൃതമായി ജലസ്രോതസുകള്‍ കൈയേറി വീടുകൾ നിർമിക്കുന്നതിനെതിരെ അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് തെലങ്കാന ഹൈക്കോടതി വീക്ഷിച്ചിരിന്നു. അടുത്തിടെ മുന്നേരു വാഗുവിൽ നൂറുകണക്കിന് താറാവുകളെ ചത്ത നിലയിൽ കണ്ടെത്തിയത് ജനങ്ങള്‍ക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിന്നു. മുൻകാലങ്ങളിലും ഹൈദരാബാദിലെ ജല മലിനീകരണത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഹൈദരാബാദിലെ ജലാശയങ്ങളിൽ ജലത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുന്നില്ലെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ഏതെങ്കിലും ഒരു പ്രദേശത്ത് അല്ലെങ്കിൽ ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. വാട്ടർ എയ്‌ഡ് സംഘടയുടെ പഠനമനുസരിച്ച് രാജ്യത്തെ 80 ശതമാനം ഉൾനാടൻ ജലാശയങ്ങളും മലിനീകരിക്കപ്പെടുന്നു.
1960കളിൽ ബെംഗളൂരില്‍ 260 തടാകങ്ങളുണ്ടായിരുന്നു. എന്നാൽ നിലവില്‍ പത്ത് തടാകങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് അഹമ്മദാബാദില്‍ 137 ജലാശയങ്ങള്‍ ഉണ്ടായിരിന്നു. കയ്യേറ്റങ്ങളും നിർമാണങ്ങളും കാരണം 2012 തോടെ മിക്കതും നശിച്ചുപോയി. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ നഗരത്തിലെ 3,200 ഹെക്ടറിലധികം സ്ഥലത്തെ ജലാശയങ്ങൾ അപ്രത്യക്ഷമായതായി കണക്കാക്കപ്പെടുന്നു. ബിഹാറിലെ പട്‌നയില്‍ എണ്ണൂറോളം കുളങ്ങളും തടാകങ്ങളും കയ്യേറ്റത്തിന് ഇരകളായി. കേരളത്തിലെ ജലസ്രോതസുകളിൽ 73 ശതമാനവും മലിനമാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ജലസംഭരണികളുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ അവശേഷിക്കുന്നവ വ്യവസായങ്ങൾ പുറത്തുവിടുന്ന അപകടകരമായ മാലിന്യങ്ങള്‍ മൂലം നശിച്ചുകൊണ്ട് ഇരിക്കുന്നു. മലിനീകരണം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കിൽ ഉൾനാടൻ ജലാശയങ്ങളെല്ലാം നഷ്ടപ്പെടുമെന്ന് ഡോ. രാമചന്ദ്ര പ്രഭുപാദയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്ത് 60 കോടിയിലധികം ആളുകൾ കടുത്ത ജലക്ഷാമം നേരിടുന്നുണ്ടെന്ന് 'നിതി ആയോഗ്' നിരീക്ഷിക്കുന്നു. മലിന ജലത്തിന്‍റെ ഉപയോഗം മൂലം പ്രതിവർഷം രണ്ട് ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്ന നിരവധി അത്ഭുതങ്ങളുണ്ട് പക്ഷേ മനുഷ്യന് വെള്ളം സൃഷ്ടിക്കാൻ കഴിയില്ല. പ്രകൃതി നൽകുന്ന ഓരോ തുള്ളി വെള്ളവും ശരിയായി ഉപയോഗിക്കേണ്ട ഒരു സമയത്ത് പരിമിതമായ ജലസ്രോതസുകൾ പാഴാക്കുന്നത് ആത്മഹത്യാപരമാണ്. ജലസ്രോതസുകളുമായി സംബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുന്നതിലും ജല വിഭാഗത്തിന് നല്ല നിലവാരം കൊണ്ടുവരുന്നതില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിജയിക്കുമ്പോൾ മാത്രമേ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുകയുള്ളൂ!