മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിന്‍റെഭാഗമായി നില്‍ക്കുമ്പോഴും ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന. ബംഗാളിലെ 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ശിവസേന പ്രഖ്യാപിച്ചു. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കുമെന്ന് ശിവസേന അറിയിച്ചു. താംലുക്, കോണ്‍ടെയ്, മിഡ്‌നാപുര്‍, നോര്‍ത്ത് കൊല്‍ക്കത്ത, പുരുലിയ, ബാരക്‌പോര്‍, ബങ്കുര, ബിഷ്ണുപുര്‍, നോര്‍ത്ത് മാല്‍ഡ, ജാധവ്പുര്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാളിലെ ബിജെപി, തൃണമൂല്‍ കോണ്ഗ്രസിന്റെ മറ്റൊരു ഭാഗമായി മാറിയെന്ന് ശിവസേന ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തൃണമൂലിനെ നേരിടാന്‍ സാധിക്കില്ലെന്നും അതിനാലാണ് ശിവസേന മത്സരിക്കാന്‍ തയ്യാറാകുന്നതെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് സര്‍ക്കാര്‍ പറയുന്നു.