ന്യൂഡല്‍ഹി: നിസാമുദീനിലെ തബ്‌ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത എട്ട് മലേഷ്യന്‍ പൗരന്മാര്‍ പിടിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സംഘം പിടിയിലായത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ കുടുങ്ങിയ പൗരന്മായെ തിരിച്ചെത്തിക്കാനായി മറ്റു രാജ്യങ്ങള്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നുണ്ട്. ഞായറാഴ്‌ച ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന മലിന്‍ഡൊ എയര്‍ റിലീഫ് വിമാനത്തില്‍ കടക്കാനായിരുന്നു സംഘത്തിന്‍റെ ശ്രമം. ഇവരെ ഡല്‍ഹി പൊലീസിന് കൈമാറുമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.
തബ്‌ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയും നിരവധി ആളുകള്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ രാജ്യം വിട്ട് ആരും പോകരുതെന്ന ജാഗ്രത നിര്‍ദേശം അനുസരിക്കാതെയാണ് ഇവര്‍ രാജ്യം വിടാന്‍ ഒരുങ്ങിയത്.