ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ കൊവിഡ് ഫലം പോസറ്റീവ് ആയതിനെത്തുടർന്ന് ആശങ്കയിലായത് പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം നിരവധി സർക്കാർ ഓഫീസുകൾ. കടുത്ത പനിയെത്തുടർന്ന് രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യേന്ദർ ജെയിനിന്‍റെ രണ്ടാമത്തെ പരിശോധനയിലാണ് പോസിറ്റീവ് ഫലം ലഭിച്ചത്. ശ്വാസതടസ്സം, പനി തുടങ്ങിയ രോഗങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഡൽഹിയിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ ജെയിൻ പങ്കെടുത്തിരുന്നു. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ജൂൺ 14 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉന്നതതല യോഗത്തിൽ ജെയിൻ പങ്കെടുത്തതിനാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അതേ ദിവസം തന്നെ ആഭ്യന്തരമന്ത്രി, ലെഫ്റ്റനന്റ് ഗവർണർ, മുഖ്യമന്ത്രി എന്നിവർ മൂന്ന് കോർപ്പറേഷനുകളുടെ മേയറുമായും കമ്മീഷണറുമായും ചർച്ച ചെയ്തിരുന്നു. ഛത്തർപൂരിലെ രാധസ്വാമി സത്സംഗ് ഭവനിൽ നിർമിക്കുന്ന താൽക്കാലിക ആശുപത്രി പരിശോധിക്കാൻ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ എത്തിയിരുന്നു. ജെയിനുമായി കൂടിക്കാഴ്ചയിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരെയും ക്വാറന്റൈൻ ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്.