ന്യൂഡൽഹി: കാലാവസ്ഥ നിരീക്ഷണ സംവിധാനത്തിൽ കീഴിൽ പാക് അധിനിവേശ കശ്മീരിനെ ഉൾപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ജമ്മു കശ്മീർ, ലഡാക്ക് പ്രദേശങ്ങളിൽ മുഴുവൻ കാലാവസ്ഥാ ബുള്ളറ്റിൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വിതരണം ചെയ്യുന്നുണ്ടെന്ന് ഐഎംഡിയുടെ ഡയറക്ടർ ജനറൽ പറഞ്ഞു. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടേതാണെന്ന നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണ് ഐഎംഡിയുടെ നീക്കം.
ഐഎംഡി 2016 മുതൽ അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക, തായ്‌ലൻഡ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഐഎംഡിയുടെ വടക്കുപടിഞ്ഞാറൻ ഡിവിഷനിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി-ചണ്ഡിഗഡ്-ഹരിയാന, പഞ്ചാബ്, കിഴക്കൻ ഉത്തർപ്രദേശ്, പശ്ചിമ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ രാജസ്ഥാൻ എന്നിങ്ങനെ ഒമ്പത് ഉപവിഭാഗങ്ങളുണ്ട്.