ന്യൂഡല്‍ഹി: ഐ.എം.എ പോന്‍സി അഴിമതി കേസില്‍ കര്‍ണാടകയിലും, ഉത്തര്‍പ്രദേശിലുമായി 15 ഓളം സ്ഥലങ്ങളില്‍ റെയ്‌ഡ് നടത്തി സിബിഐ . കര്‍ണാടക പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലടക്കമാണ് റെയ്‌ഡ് നടന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, ഫോറന്‍സിക് വിദഗ്‌ദര്‍, കമ്പ്യൂട്ടര്‍ വിദഗ്‌ദര്‍, എന്നിവരുടങ്ങുന്ന വന്‍ സംഘമാണ് റെയ്‌ഡ് നടത്തിയത്.
ഐ- മോണിറ്ററി അഡ്വൈസർക്കെതിരായ (ഐ.എം.എ) അന്വേഷണത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. ഐ.എം.എയ്ക്ക് അനുകൂലമായ രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒത്തുകളിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി പണം വാങ്ങിയെന്നും കേസുകളുണ്ട്. ഇതിന്‍റെ ഭാഗമായാണ് രണ്ട് സംസ്ഥാനങ്ങളിലായി റെയ്‌ഡ് നടന്നത്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.
സംസ്ഥാന യോഗങ്ങള്‍ മുഖേന ഐ.എം.എ അനധികൃതമായി പണം സമാഹരിക്കുന്നുണ്ടെന്നും, ഇതിന് കൃത്യമായ കണക്കുകളില്ലെന്നുമുള്ള വസ്‌തുത ഉന്നയിച്ച് റിസര്‍വ് ബാങ്കാണ് ആദ്യം രംഗത്തുവന്നത്. തുടര്‍ന്ന് നിരവധി തവണ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നുവെന്ന കേസിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.